വടകരയില്‍ കടല്‍ഭിത്തിക്കിടയില്‍ കുടുങ്ങിയ കുട്ടിയെ മൂന്ന് മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ പുറത്തെടുത്തു


വടകര: കടല്‍ഭിത്തിക്കിടയില്‍ കുടുങ്ങിയ കുട്ടിയെ ദീര്‍ഘനേരത്തെ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ പുറത്തെടുത്തു. മുട്ടുങ്ങല്‍ മീത്തലങ്ങാടിക്കടുത്ത് ഗോസായിക്കുന്നിലാണ് സംഭവം. ഫയര്‍ ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ മൂന്നു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് കുട്ടിയെ പുറത്തെടുത്തത്.

പ്രദേശവാസിയായ ഷാഫിയുടെയും മുബീനയുടെയും മകന്‍ ഷിയാസാണ് കടല്‍ഭിത്തിക്കിടയില്‍ കുടുങ്ങിയത്. കളിക്കുന്നതിനിടയില്‍ തെറിച്ചുപോയ പന്ത് എടുക്കുന്നതിനിടയില്‍ ഷിയാസ് ഭീമന്‍ കല്ലുകള്‍ക്കിടയില്‍ അകപ്പെടുകയായിരുന്നു. മുകളിലേക്ക് കയറാന്‍ പലതവണ ശ്രമിച്ചപ്പോള്‍ പകരം താഴേക്കു നൂര്‍ന്നുപോവുകയാണുണ്ടായത്.

കുട്ടിയെ വലിച്ചെടുക്കാനോ ഭീമന്‍ കല്ലുകള്‍ നീക്കാനോ കഴിയാതെ വന്നതോടെയാണ് ഫയര്‍ഫോഴ്സിന്റെയും പോലീസിന്റെയും സഹായം തേടിയത്. ജെ.സി.ബി എത്തിച്ച് കല്ല് നീക്കാമെന്നു കരുതിയെങ്കിലും അപകടമാവുമെന്നു വന്നതോടെ ക്രെയിന്‍ കൊണ്ടുവന്ന് കല്ല് നീക്കിയാണ് യാതൊരു പോറലുമേല്‍ക്കാതെ കുട്ടിയെ പുറത്തെടുത്തത്.

ദൗത്യം പൂര്‍ത്തിയാകുമ്പോള്‍ രാത്രി എട്ടേ മുക്കാലായിരുന്നു. സംഭവമറിഞ്ഞ് വന്‍ ജനാവലിയാണ് ഇവിടെ എത്തിയത്. ഇവരെ നിയന്ത്രിക്കുന്നത് ശ്രമകരമായി. ഇരുട്ടായതിനാല്‍ ഫയര്‍ഫോഴ്സിന്റെ വെളിച്ച സംവിധാനവും ഒരുക്കിയിരുന്നു. ആംബുലന്‍സും സജ്ജമാക്കി നിര്‍ത്തി. കല്ലുകള്‍ക്കിടയില്‍ മണിക്കൂറുകള്‍ അകപ്പെട്ടതിനാല്‍ ഷിയാസിനെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി.