വടകരയില്‍ അടിച്ചുവാരുന്നതിനിടെ കെട്ടിടത്തിന്റെ കൈവരിക്കുള്ളില്‍ കാല്‍ കുടുങ്ങി; ഒഞ്ചിയം സ്വദേശിയായ വയോധികയ്ക്ക് രക്ഷകരായി വടകര അഗ്നിരക്ഷാസേന


വടകര: ബില്‍ഡിംഗിന്റെ കൈവരികള്‍ക്കുള്ളില്‍ കാല്‍ കുടുങ്ങിയ സ്ത്രീയ്ക്ക് രക്ഷകരായി വടകര അഗ്നിരക്ഷാസേന. ടൗണിലെ അശോക തിയേറ്ററിന് മുന്‍വശത്തെ പുത്തന്‍കണ്ടി ബില്‍ഡിംഗില്‍ ഇന്ന് രാവിലെ 8.30ഓടെയാണ് സംഭവം. ഒഞ്ചിയം സ്വദേശി എടക്കണ്ടികുന്നുമ്മല്‍ ചന്ദ്രി (72)യുടെ കാലാണ്‌ കൈവരികള്‍ക്കുള്ളില്‍ അബദ്ധവശാല്‍ കുടുങ്ങിയത്‌.

കെട്ടിടത്തിന്റെ രണ്ടാം നില അടിച്ചുവാരുന്നതിനിടെ ചന്ദ്രിയുടെ പക്കല്‍ നിന്നും പൈസ താഴേക്ക് വീണു. ഇതെടുക്കാനായി ശ്രമിച്ചപ്പോഴാണ് ഒരു കാല്‍ കൈവരിക്കുള്ളില്‍ കുടുങ്ങിയത്. കാല്‍ എടുത്തുമാറ്റാന്‍ ശ്രമിച്ചെങ്കിലും ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ഇതിനിടെ സമീപത്തുള്ള സ്ത്രീ സംഭവം കാണുകയും നാട്ടുകാരെ വിവരം അറിയിക്കുകയും ചെയ്തു. വിവരമറിഞ്ഞ് നാട്ടുകാരും കെട്ടിടത്തിലുള്ളവരും ചന്ദ്രിയെ രക്ഷപ്പെടുത്താന്‍ നോക്കിയെങ്കിലും സാധിച്ചില്ല.

തുടര്‍ന്ന് വടകര ഫയര്‍ സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. സേന എത്തുന്നത് വരെ ചന്ദ്രിയെ നാട്ടുകാര്‍ വീഴാതെ പിടിച്ചുനിര്‍ത്തി. വിവരമറിഞ്ഞ് 10മിനുട്ടിനുള്ളില്‍ സംഭവസ്ഥലത്ത് എത്തിയ സേന ഹൈഡ്രോളിക് സ്‌പ്രെഡര്‍ ഉപയോഗിച്ച് കൈവരികള്‍ വിടര്‍ത്തി മാറ്റി പരിക്കുകളില്ലാതെ ചന്ദ്രിയെ രക്ഷപ്പെടുത്തി.

വടകരഫയർ സ്റ്റേഷൻ സീനിയർ ഫയർ ആന്റ്‌ റെസ്ക്യൂ ഓഫീസർ സി.കെ ഷൈജേഷിൻ്റെ നേതൃത്വത്തിൽ ലികേഷ് വി, സിബിഷാൽ പി.ടി, ഷിജെഷ് ടി, ജൈസൽ പി.കെ, സി ഹരിഹരൻ എന്നിവർ ചേര്‍ന്നാണ്‌ രക്ഷാപ്രവർത്തനം നടത്തിയത്.

Description: Vadakara Agni Rakshasena rescues a woman whose leg got stuck in the handrails