ബാങ്ക് ജോലിയാണോ സ്വപ്‌നം? എസ്.ബി.ഐയില്‍ നിരവധി ഒഴിവുകള്‍- വിശദാംശങ്ങള്‍ അറിയാം


ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലേക്ക് വിവിധ തസ്തികകളിലേക്ക് നിയമന വിജ്ഞാപനം പുറത്തിറക്കി. ക്ലറിക്കല്‍ കേഡറിലെ ജൂനിയര്‍ അസോസിയേറ്റ് (കസ്റ്റമര്‍ സപ്പോര്‍ട്ട് ആന്റ് സെയില്‍), പ്രൊബേഷണറി ഓഫീസര്‍ (പിഒ) എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ക്ലറിക്കല്‍ തസ്‌കികയില്‍ രാജ്യത്താകെ 14191 ഒഴിവുകളും പ്രൊബേഷണറി ഓഫീസര്‍ തസ്തികയില്‍ 600 ഒഴിവുകളുമാണുള്ളത്. ബിരുദമാണ് യോഗ്യത. ക്ലാര്‍ക്ക് നിയമനത്തിന് ജനുവരി 7 വരെയും പിഒ നിയമത്തിന് ജനുവരി 16 വരെയും അപേക്ഷിക്കാം.

കസ്റ്റമര്‍ സപ്പോര്‍ട്ട് ആന്റ് സെയില്‍ വിഭാഗത്തില്‍ കേരളത്തില്‍ 451 ഒഴിവുകളാണുള്ളത്. ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഒഴിവിലേക്ക് മാത്രമേ അപേക്ഷിക്കാനാവൂ. ആ സംസ്ഥാനത്തെ ഭാഷയില്‍ എഴുതാനും വായിക്കാനും പറയാനും കഴിയണം. ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് യോഗ്യത. പ്രായപരിധി 20 – 28. പട്ടിക വിഭാഗത്തിന് അഞ്ച് വര്‍ഷം, ഒബിസിക്ക് മൂന്ന് വര്‍ഷം, ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷം ഇളവുണ്ട്. പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ക്ക് ശേഷമായിരിക്കും നിയമനം.

അതേസമയം പ്രൊബേഷണറി ഓഫീസര്‍ തസ്തികയിലേക്ക് 21 – 30 പ്രായ പരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. ബിരുദം തന്നെയാണ് യോഗ്യത. സര്‍ക്കാര്‍ മാനദണ്ഡ പ്രകാരം എസ്‌സി എസ്ടി, ഒബിസി വിഭാഗങ്ങള്‍ക്ക് പ്രായപരിധിയില്‍ ഇളവുണ്ട്. പ്രിലിമിനറി പരീക്ഷ 2025 മാര്‍ച്ച് 8 മുതല്‍ മാര്‍ച്ച് 15 വരെ നടത്താനാണ് തീരുമാനം. മെയിന്‍ പരീക്ഷ ഏപ്രിലിലോ മെയ് മാസത്തിലോ നടക്കും. ബാങ്കിന്റെ വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. 750 രൂപയാണ് അപേക്ഷാ ഫീസ്. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ നെറ്റ് ബാങ്കിംഗ് എന്നിവയിലൂടെ മാത്രമേ ഫീസടയ്ക്കാനാവൂ.

പ്രിലിമിനറി പരീക്ഷയ്ക്ക് ശേഷം ചുരുക്കപ്പട്ടിക തയ്യാറാക്കി മെയിന്‍ പരീക്ഷ നടത്തും. ശേഷം സൈക്കോമെട്രിക് ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്‌കഷന്‍, ഇന്റര്‍വ്യൂ എന്നിവ ഉള്‍പ്പെടുന്ന മൂന്നാം ഘട്ടവുമുണ്ട്.

Summay: Vacancies in SBI