‘ഒരുനാട് മുഴുവന്‍ ഒലിച്ചുപോയെന്ന് പറയുന്നത് ശരിയല്ല, മൂന്ന് വാര്‍ഡുകള്‍ മാത്രമാണ് ഉരുള്‍പൊട്ടലില്‍ നശിച്ചത്” വയനാട് ദുരന്തത്തെ നിസാരവത്കരിച്ച് വി.മുരളീധരന്‍; പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധമുയരുന്നു


കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തെ നിസാരവത്കരിച്ച് സംസാരിച്ച മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ വി.മുരളീധരനെതിരെ പ്രതിഷേധം ശക്തമാകുന്നു. വയനാട്ടില്‍ ഒരു നാട് മുഴുവന്‍ ഒലിച്ചുപോയെന്ന് പറയുന്നത് ശരിയല്ല, മൂന്ന് വാര്‍ഡുകള്‍ മാത്രമാണ് ഉരുള്‍പ്പൊട്ടലില്‍ നശിച്ചത്. ഇതില്‍ വൈകാരികമായി സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നുമാണ് മുരളീധരന്‍ പറഞ്ഞത്. ഇതിനെതിരെയാണ് പ്രതിഷേധമുയരുന്നത്.

‘വയനാട് ദുരന്തത്തില്‍ ഒരു നാട് മുഴുവന്‍ ഒലിച്ചുപോയെന്ന് പറയുന്നത് ശരിയല്ല. ഒരു പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകള്‍ മാത്രമാണ് ഉരുള്‍പൊട്ടലില്‍ നശിച്ചത്. നാട് മുഴുവന്‍ എന്ന് പറയരുത്. പണം ചിലവാക്കാന്‍ നാട്ടില്‍ നിയമമുണ്ട് ‘ എന്നായിരുന്നു മുരളീധരന്റെ വാക്കുകള്‍.

വയനാടിന് അധികധനസഹായം നല്‍കില്ല എന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടില്ല. വയനാട് ദുരന്തത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണ്. പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ ബിജെപി മുന്നേറ്റത്തിന് തടയിടാം എന്ന പ്രതീക്ഷയിലുള്ള ഹര്‍ത്താല്‍ നാടകമെന്നും മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുന്‍ കേന്ദ്രമന്ത്രി കൂടിയായ ഒരു നേതാവ് ഇങ്ങനെ ഒരു പ്രസ്താവന നടത്തിയതില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. മുരളീധരന്‍ മലയാളികളോട് മാപ്പ് പറയണമെന്ന് എല്‍.ഡി.എഫും കോണ്‍ഗ്രസും ആവശ്യപ്പെട്ടു. ബി.ജെ.പിയുടെ തനിനിറം പുറത്തായെന്ന് ടി.സിദ്ദിഖ് എം.എല്‍.എ പ്രതികരിച്ചു.

അതേസമയം, മുണ്ടക്കൈ, ചൂരല്‍മല, ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിലും, ദുരന്തബാധിതരോട് കേന്ദ്ര കേരള സര്‍ക്കാറുകള്‍ കാണിക്കുന്ന അവഗണനയിലും പ്രതിഷേധിച്ച് ഇന്ന് യു.ഡിഎഫ് വയനാട് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നതിനിടയിലാണ് മുരളീധരന്റെ ഈ പരാമര്‍ശം.

Summary: V.Muralidharan made light of the Wayanad tragedy; There is a protest against the statement