ഇനി ഉത്സവ പറമ്പിലേക്ക് കതിന പൊട്ടിക്കാൻ സഹായിയായി വേലായുധൻ ഇല്ല; നരക്കോട് ചെറുശ്ശേരി ക്ഷേത്രോത്സവത്തിനിടെ പരിക്കേറ്റ ഊരള്ളൂര്‍ സ്വദേശിയുടെ മൃതദേഹം സംസ്ക്കരിച്ചു
മേപ്പയ്യൂർ: ഉത്സവത്തിനിടിലെ അപകടത്തിൽ പരിക്കേറ്റപ്പോഴും വേലായുധൻ തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബക്കാരും സുഹൃത്തുക്കളും നാട്ടുകാരുമെല്ലാം. എന്നാൽ എല്ലാ പ്രതീക്ഷകളും ബാക്കിയാക്കി എന്നന്നേക്കുമായി അദ്ദേഹം വിടവാങ്ങി. ചെറുശ്ശേരി ക്ഷേത്രത്തിലെ ഉത്സവത്തിന് കതിന പൊട്ടിക്കുന്നതിനിടെയാണ് ഊരള്ളൂര്‍ കോട്ടുകുന്നുമ്മല്‍ വേലായുധന് പരിക്കേറ്റത്. തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം.
രണ്ട് വർഷത്തോളമായി ഉത്സവങ്ങളിൽ കതിന പൊട്ടിക്കുന്ന ആൾക്കൊപ്പം വേലായുധൻ സഹായിയായി പോകുന്നു. അങ്ങനെയാണ് ഇത്തവണയും വീട്ടിൽ നിന്നറങ്ങിയത്. എന്നാൽ കതിന പൊട്ടിക്കുന്നതിനായി തീകൊളുത്താനുപയോഗിച്ച ചൂട്ട് ശ്രദ്ധിക്കാതെ മരുന്നിന് മുകളില്‍ വെച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തിൽ പൊള്ളലേൽക്കുകയായിരുന്നു. വേലായുധന്റെ കൈക്കാണ് പൊള്ളലേറ്റത്.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു കഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹം. നേരത്തെ ശ്വാസംമുട്ടല്‍ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടായിരുന്നു. ചികിത്സയ്ക്കിടെ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. പൊതുദർശനത്തിന് ശേഷം മൃതദേഹം സംസ്ക്കരിച്ചു.