അര്‍ബുദത്തെ തോല്‍പ്പിച്ച് ജീവിതം സുന്ദരമാക്കിയ, കീമോയുടെ വേദനകളെ മറക്കാന്‍ ചിരട്ടയില്‍ വിസ്മയം തീര്‍ത്ത മനുഷ്യന്‍; സുബ്രഹ്‌മണ്യന്റെ അപ്രതീക്ഷിത വേര്‍പാടില്‍ കണ്ണീരണിഞ്ഞ്‌ ഊരള്ളൂർ


അരിക്കുളം: മരത്തില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായപ്പോഴും തങ്ങളുടെ പ്രിയപ്പെട്ട
സുബ്രഹ്‌മണ്യന്‍ അതിനെയും തോല്‍പ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ. എന്നാല്‍ അര്‍ബുദത്തെ തോല്‍പ്പിച്ച സുബ്രഹ്ണ്യനെ മരണം തട്ടിയെടുത്തത് അപകടത്തിന്റെ രൂപത്തിലായിരുന്നു.

ഇന്നലെയാണ് വീടിന് സമീപത്തെ ശീമക്കൊന്ന മരത്തില്‍ നിന്നും വീണ് പഴമഠത്തില്‍ ഇല്ലത്തുതാഴെ സുബ്രഹ്‌മണ്യന് ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

2010ലാണ് അദ്ദേഹത്തിന് അര്‍ബുദം കണ്ടെത്തിയത്. പിന്നീട് വേദനകള്‍ നിറഞ്ഞ രാത്രികളായിരുന്നു സുബ്രഹ്‌മണ്യന് കൂട്ട്‌. എന്നാല്‍ അര്‍ബുദത്തിന് കീഴടങ്ങാതെ സദാസമയവും ഊർജ്ജസ്വലനായി നാട്ടുകാര്‍ക്കൊപ്പം അദ്ദേഹമുണ്ടായിരുന്നു.

എടവനകുളങ്ങര ക്ഷേത്രത്തിന് സമീപത്തേക്ക് താമസം മാറിയതോടെ ക്ഷേത്രത്തിലെ എല്ലാ കാര്യങ്ങളുടെയും
മുന്നില്‍ അദ്ദേഹമുണ്ടായിരുന്നു. അസുഖത്തെക്കുറിച്ച് ഒരിക്കലും പറയാതെ ചെയ്യാന്‍ പറ്റുന്ന ജോലികളൊക്കെയും അദ്ദേഹം ഇക്കാലമത്രയും ചെയ്തിരുന്നു. എന്നാല്‍ കീമോ തുടങ്ങിയതോടെയാണ് രാത്രികാലങ്ങളില്‍ വേദന സഹിക്കാന്‍ പറ്റാതെ സുബ്രഹ്ണ്യന്‍ തളര്‍ന്നത്. അപ്പോഴേക്കും പാതിരാത്രികളില്‍ ചിരട്ടയിലും മരത്തടികളിലും ശില്‍പം തീര്‍ക്കാന്‍ തുടങ്ങി.

ആദ്യമൊക്കെ ചെറിയ രീതിയിലായിരുന്നുവെങ്കില്‍ പിന്നീടത് നല്ല ചിരട്ടകള്‍ കണ്ടെത്തി വീട്ടിലെത്തിക്കാന്‍ തുടങ്ങി. സന്ധ്യസമയമായാല്‍ പിന്നീട് മുഴുവന്‍ സമയവും ചിരട്ടകള്‍ക്ക് മുന്നിലായിരുന്നു. ഒടുവില്‍ വേദനകളില്ലാത്ത ലോകത്തേക്ക് അദ്ദേഹം യാത്രയാവുമ്പോള്‍ സുബ്രഹ്‌മണ്യന്‍ ഇനിയില്ലെന്ന് ഊരള്ളൂര്‍കാര്‍ക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല.