കൊല്ലം പിഷാരികാവ് ക്ഷേത്ര പരിസരത്തെ കടകളില്‍ നിന്ന് ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രപരിസരത്തെ ഹോട്ടലുകളിലും താല്‍ക്കാലിക ഭക്ഷണ സ്റ്റാളുകളിലും കടകളിലും നടത്തിയ പരിശോധനയില്‍ ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. ഗുണനിലവാരമില്ലാത്ത ഭക്ഷ്യ വസ്തുക്കളുടെ ഉപയോഗം, നിരോധിത ലഹരി വസ്തുക്കളുടെ വില്‍പ്പന, മദ്യ വില്‍പ്പന, ചൂതാട്ടം എന്നിവ തടയാനായി റവന്യൂ, പൊലീസ്, ആരോഗ്യം, എക്സൈസ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെ കൊയിലാണ്ടി തഹസില്‍ദാര്‍ സി പി മണിയുടെ നേതൃത്വത്തിലായിരുന്നു സംയുക്ത പരിശോധന. വരും ദിവസങ്ങളിലും പരിശോധന നടത്തുമെന്നും നിയമലംഘനം കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും തഹസില്‍ദാര്‍ അറിയിച്ചു.
പരിശോധനയില്‍ കൊയിലാണ്ടി സ്റ്റേഷന് ഹൗസ് ഓഫീസര്‍ എന്‍ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരും എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ എം ഹാരിസിന്റെ നേതൃത്വത്തിലുള്ള എക്സൈസ് ഉദ്യോഗസ്ഥരും കൊയിലാണ്ടി ഹെഡ് ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ ഡി രഞ്ജിത്ത്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ സജിത്ത് കുമാര്‍, വി രാജീവന്, ടി കെ ഷീബ, കെ കെ ഷിജിന, താലൂക്ക് ഓഫീസ് ജീവനക്കാരായ പി കെ ലാഹിക്, സി പി ലിതേഷ്, എം കെ ബിനു എന്നിവരും പങ്കെടുത്തു.