തങ്കമല ക്വാറിയിലെ അശാസ്ത്രീയ ഖനനം: ക്വാറിക്ക് നൽകിയ ലൈസൻസ് റദ്ദ് ചെയ്യണം; ആഗസ്റ്റ് 22ന് ജനപക്ഷ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന്‌ യുഡിഎഫ്


കീഴരിയൂർ: കീഴരിയൂർ പഞ്ചായത്തിലെ വടക്കുംമുറിയിലെ നുറുകണക്കിന് കുടുംബങ്ങളുടെ ജീവനും സ്വത്തിനും വൻ ഭീഷണയായി തങ്കമല ക്വാറിയിലെ കരിങ്കൽ ഖനനം മാറിയ സാഹചര്യത്തിൽ കീഴരിയൂർ ഗ്രാമപഞ്ചായത്ത് ക്വാറിക്ക് നൽകിയ ലൈസൻസ് പഞ്ചായത്ത് തന്നെ അടിയന്തരമായി റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ട് യുഡിഎഫ് രംഗത്ത്‌. പ്രതിഷേധത്തിന്റെ ഭാഗമായി ആഗസ്റ്റ് 22ന് കാലത്ത് 10മണി മുതൽ രാത്രി 10മണി വരെ യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കീഴരിയൂർ സെൻ്ററിൽ ജനപക്ഷ പ്രക്ഷോഭം സംഘടിപ്പിക്കും.

തങ്കമലയുടെ ചുറ്റുപാടിൽ താമസിക്കുന്നവർ ഭയചികിതരാണ്. ഖനനം മൂലം രൂപപ്പെട്ട അഗാധ ഗർത്തങ്ങളിൽ വെള്ളം നിറഞ്ഞു നിൽക്കുന്നുണ്ട്. മലയും മണ്ണും വെള്ളവും പൊട്ടി താഴ്ഭാഗത്തേക്ക് ഒഴുകിയെത്തിയാൽ ഭീകരമായ ദുരന്തം ഇവിടെയുമുണ്ടാവും. ഇത്തരമൊരു സാഹചര്യത്തിൽ പഞ്ചായത്ത് നൽകിയ ലൈസൻസ് പഞ്ചായത്ത് തന്നെ റദ്ദ് ചെയ്യണം. ഭരണത്തെ നിയന്ത്രിക്കുന്ന സിപിഎം രാഷ്ട്രീയ നാടകം അവസാനിപ്പിച്ച് ക്വാറിക്ക് നൽകിയ ലൈസൻസ് റദ്ദ് ചെയ്യാനാവശ്യമായ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.

യോഗത്തിൽ ടി.യു സൈനുദീൻ അധ്യക്ഷത വഹിച്ചു. ഇടത്തിൽ ശിവൻ, ഒ.കെ കുമാരൻ, കുന്നുമ്മൽ റസാക്ക്.കെ.എം വേലായുധൻ, ജി.പി പ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.