”കേരളത്തില്‍ അടിപ്പാത ആവശ്യപ്പെടുന്നിടത്തൊക്കെ നിര്‍മ്മിക്കുകയാണെങ്കില്‍ അടിപ്പാതയുടെ റോഡ് തന്നെ നിര്‍മ്മിക്കേണ്ടിവരും”; ദേശീയപാതയുമായി ബന്ധപ്പെട്ട് ഷാഫി പറമ്പില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് കേന്ദ്രമന്ത്രിയുടെ മറുപടി


ന്യൂഡല്‍ഹി: കേരളത്തില്‍ അടിപ്പാത ആവശ്യപ്പെടുന്നിടത്തൊക്കെ നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണെങ്കില്‍ അടിപ്പാതയുടെ റോഡ് തന്നെ നിര്‍മ്മിക്കേണ്ടിവരുമെന്ന മറുപടിമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കേരളത്തില്‍ എല്ലാതരം വികസനങ്ങളും റോഡരികുകളിലാണുള്ളത് എന്നതാണ് സാഹചര്യം. ഒരു ഭാഗത്ത് സ്‌കൂള്‍, മറുവശത്ത് കോളേജ്, റസിഡന്‍ഷ്യല്‍ ഏരിയ എന്നിങ്ങനെ എന്നു പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ലോക്‌സഭയില്‍ വടകര എം.പി ഷാഫി പറമ്പില്‍ ദേശീയപാതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ലോക്‌സഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ ഈ പ്രതികരണം.

എം.പി ഇതിനകം തന്നെ ശ്രദ്ധയില്‍പ്പെടുത്തിയ പ്രശ്‌നങ്ങളെല്ലാം പരിശോധിക്കും. പ്രദേശത്തെ ജനങ്ങള്‍ക്കുണ്ടാവുന്ന പ്രയാസങ്ങള്‍ ഉള്‍ക്കൊള്ളുന്നു. പ്രശ്നങ്ങള്‍ പരിശോധിക്കുമെന്നും ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ദേശീയപാത നിര്‍മാണത്തിലെ കാലതാമസം ജനങ്ങള്‍ക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നുവെന്നാണ് എം.പി അറിയിച്ചത്. പലയിടങ്ങളിലും അടിപ്പാതകളും മേല്‍പ്പാതകളും വേണം. തിക്കോടിയിലെ ജനങ്ങള്‍ ഒരു വര്‍ഷത്തോളമായി അടിപ്പാതയ്ക്കായി സമരത്തിലാണ്. സ്‌ക്കൂള്‍, പള്ളി, ക്ഷേത്രം എല്ലാം റോഡിന്റെ ഇരുഭാഗങ്ങളിലായി കിടക്കുകയാണ്. അണേല, അഴിയൂര്‍, പന്തലായനി, നന്തി എന്നിവിടങ്ങളിലും അടിപ്പാതകള്‍ വേണം. പലയിടങ്ങളിലും സര്‍വീസ് റോഡുകള്‍ക്ക് വീതിയില്ല. ജങ്ഷനുകള്‍ സംബന്ധിച്ചും ജനങ്ങള്‍ക്ക് പരാതിയുണ്ടെന്നും ഷാഫി പറമ്പില്‍ എംപി അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ ഒരു ഉന്നതതല യോഗം വിളിച്ചു ചേര്‍ക്കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടിരുന്നു.

Summary: Union Minister’s response to Shafi Parampil’s demands regarding the National Highway