തിക്കോടി ടൗണില്‍ അടിപ്പാത അനുവദിക്കുന്നതു വരെ ശക്തമായ സമരം തുടരും; കലക്ടറേറ്റ് ധര്‍ണ്ണയുമായി അടിപ്പാത അക്ഷന്‍ കമ്മിറ്റി


തിക്കോടി: തിക്കോടി ടൗണില്‍ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റ് ധര്‍ണ്ണ സംഘടിപ്പിച്ച് അടിപ്പാത അക്ഷന്‍ കമ്മിറ്റി. കഴിഞ്ഞ രണ്ട് വര്‍ഷമായി ദേശീയപാത പണി ആരംഭിച്ചത് മുതല്‍ തിക്കോടി ടൗണില്‍ അടിപ്പാത നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ സമരത്തിലാണ്. സഞ്ചാര സ്വാതന്ത്ര്യം അനുവധിക്കുക, തിക്കോടി ടൗണില്‍ അടിപ്പാത നിര്‍മ്മിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് ആക്ഷന്‍ കമ്മിറ്റി കളക്ടറേറ്റ് ധര്‍ണ്ണ നടത്തിയത്.

ദേശീയപാത പണി പൂര്‍ത്തിയാവുന്നതോടെ റോഡിന്റെ ഇരുവശവും വന്‍മതിലുകള്‍ ഉയര്‍ന്ന് കിഴക്കും പടിഞ്ഞാറുമായി വിഭജിക്കപ്പെടും. വടക്ക് പഞ്ചായത്ത് ബസാര്‍ കഴിഞ്ഞാല്‍ തെക്കുഭാഗത്തേക്ക് മൂന്നര കിലോമീറ്റര്‍ സഞ്ചരിച്ച് നന്തി ടൗണില്‍ എത്തിയാല്‍ മാത്രമേ റോഡ് ക്രോസ് ചെയ്യുവാനുള്ള സൗകര്യമുള്ളൂ.നഇതിനിടയിലുള്ള ജനനിബിഡമായ ഒരു വലിയ പ്രദേശം ഇപ്പോള്‍ തന്നെ ഒറ്റപ്പെട്ട സ്ഥിതിയിലാണ്.

കൂടുതല്‍ ജനങ്ങള്‍ ബന്ധപ്പെടുന്ന പ്രധാന കേന്ദ്രമായ തിക്കോടി ടൗണില്‍ അടിപ്പാത അനുവദിക്കുക മാത്രമാണ് ശാശ്വതമായ പരിഹാരം. സമരത്തിന്റെ പശ്ചാത്തലത്തില്‍ കാനത്തില്‍ ജമീല എം.എല്‍.എയുടെ നേതൃത്വത്തില്‍ സപ്തംബര്‍ 29 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് പൊതുമരാമത്ത് മന്ത്രിയുടെ സെക്രട്ടറി ബിജു പ്രഭാകരര്‍ ഐ.എ.എസ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി വിളിച്ച യോഗത്തില്‍ പങ്കെടുക്കുകയും ഈ വിഷയം ഗൗരവമായി അവതരിപ്പിക്കുകയും ചെയ്തിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ തിക്കോടിയിലോ തിക്കോടി പൂവെടിത്തറയ്ക്ക് സമീപമോ ഒരു ബോക്സ് ടൈപ്പ് അണ്ടര്‍പാസ് നിര്‍മ്മിക്കാമെന്ന് പരിഗണനയിലെത്തിയിരിക്കുന്നതായി മന്ത്രി മുഹമ്മദ് റിയാസിന്റെ ഓഫീസില്‍ നിന്നും വിവരം ലഭിച്ചതായി സമരത്തിന് നേതൃത്വം നല്‍കിയവര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞിരുന്നു. ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതുവരെ സമരം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം. തിക്കോടി ടൗണില്‍ തന്നെ അടിപ്പാത ലഭിക്കണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.

അടിപ്പാതയുമായി ബന്ധപ്പെട്ട് നിരന്തരം സമരങ്ങള്‍ തിക്കോടിയില്‍ സംയുക്തസമര സമതി നടത്തിയിരുന്നു. കൂടാതെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സമരത്തിന്റെ ഭാഗമായിരുന്നു. സെപ്റ്റംബര്‍ 10ന് തിക്കോടിയില്‍ അടിപ്പാതയ്ക്കുവേണ്ടി സമരം ചെയ്യുന്ന ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ ദേശീയപാത നിര്‍മ്മാണ പ്രവൃത്തി പുനരാരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിച്ചത് സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു.

ജെ.സി.ബി ഉപയോഗിച്ച് റോഡ് പ്രവൃത്തി തുടങ്ങിയതോടെ സമരക്കാര്‍ മുദ്രാവാക്യം വിളിക്കുകയും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിക്കുകയുമായിരുന്നു. ഇവര്‍ക്കെതിരെ പോലീസ് അക്രമമഴിച്ചിവിടുകയും സമരപ്പന്തല്‍ പൊളിച്ചുമാറ്റുകയും ചെയ്തിരുന്നു. സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.വിശ്വന്‍, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍, പ്രദേശവാസികള്‍ എന്നിങ്ങനെ നിരവധി പേര്‍ക്ക് പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേല്‍ക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.


കളക്ടറേറ്റ് ധര്‍ണ്ണയില്‍ സന്തോഷ് തിക്കോടി സ്വാഗതം പറഞ്ഞു. തിക്കോടി പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു. കര്‍മ സമതി ചെയര്‍മാന്‍ അബ്ദുള്‍ മജീദ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. വിശ്വന്‍, ചെയര്‍പേഴ്‌സണ്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി കെപി ഷക്കീല, മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റംല പി.വി തിക്കോടി പഞ്ചായത്ത് മെമ്പര്‍ എന്‍.എം.ടി അബ്ദുള്ളക്കുട്ടി, വിബിത ബൈജു, മൂടാടി പഞ്ചായത്ത് മെമ്പര്‍ ഉസ്‌ന, ബിജു കളത്തില്‍ ശ്രീധരന്‍ ചെമ്പുഞ്ചില, റിനീഷ് വണ്ണാങ്കണ്ടി, കൃഷ്ണന്‍. വി എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു. ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ.വി സുരേഷ് കുമാര്‍ നന്ദി പറഞ്ഞു.