‘പുതുവഴിയുടെ കാഴ്ചകള്‍ക്കുള്ളില്‍ പതിയിരിക്കുന്ന വന്‍ അപകടം’; നന്തി-ചെങ്ങോട്ട്കാവ് ബൈപ്പാസ് സന്ദര്‍ശകര്‍ക്കും വഴിയാത്രക്കാര്‍ക്കും ഭീഷണിയായി മൂടാത്ത ആള്‍മറനീക്കിയ കിണറുകള്‍


കൊയിലാണ്ടി: നന്തി-ചെങ്ങോട്ട് കാവ് ബൈപ്പാസ് നിര്‍മ്മാണ പ്രവൃത്തികളുടെ ഭാഗമായി വീടുകളും മരങ്ങളും പൊളിച്ചെങ്കിലും കിണറുകള്‍ മൂടാതെ കിടക്കുന്നത് അപകടഭീഷണി ഉയര്‍ത്തുന്നു. നിലവില്‍ നന്തി മുതല്‍ ആനക്കുളം വരെയുള്ള ഭാഗമാണ് പൂര്‍ണമായി ഇടിച്ച് നിരപ്പാക്കിയിട്ടുള്ളത്. ആനക്കുളം മുതല്‍ ചെങ്ങോട്ടുകാവ് വരെയുള്ള ഭാഗങ്ങളില്‍ മരങ്ങള്‍ മുറിച്ചുമാറ്റുകയും വീടുകള്‍ പൊളിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും കിണറുകള്‍ മണ്ണിട്ട് മൂടിയിട്ടില്ല.
[ad2]

കിണറുകളിലെ ആള്‍മറയിലെ കല്ലുകളും മറ്റും നീക്കം ചെയ്തതിനാല്‍ ഇവ പെട്ടെന്ന് ശ്രദ്ധയില്‍പ്പെടാന്‍ സാധ്യതയില്ലെന്നതാണ് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുന്നത്. ബൈപ്പാസ് കടന്നുപോകുന്ന വഴികള്‍ കാണാനായി സന്ദര്‍ശകരും കൂടി വരികയാണ്. കുട്ടികളെ ഉള്‍പ്പെടെ ഒപ്പം കൂട്ടിയാണ് പലരും കാഴ്ചകള്‍ കാണാനെത്തുന്നത്.

വീടുകളും മരങ്ങളുമെല്ലാം പൊളിച്ചുമാറ്റിയതിനാല്‍ പ്രദേശവാസികള്‍ക്കുപോലും സ്ഥലം പെട്ടെന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. ഇതെല്ലാം അപകട സാധ്യത വര്‍ധിപ്പിക്കുകയാണ്.
[ad1]

പന്തലായനി ഭാഗത്ത് കഴിഞ്ഞദിവസം പട്ടി കിണറ്റില്‍ വീണ സംഭവമുണ്ടായിരുന്നു. ഇതോടെ പ്രദേശവാസികളുടെ ആശങ്കകള്‍ വര്‍ധിച്ചിട്ടുണ്ട്. കിണറുകള്‍ക്ക് സമീപം അപായ സൂചനകള്‍ സ്ഥാപിക്കുകയോ ഇവ എത്രയും പെട്ടെന്ന് മണ്ണിട്ട് മൂടുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.