ഉള്ള്യേരി പാലോറമലയില്‍ മലമുകളിലെ വലിയ പാറക്കല്ലില്‍ വിള്ളല്‍: സര്‍വ്വകക്ഷിയോഗം ചേര്‍ന്നു, തുടര്‍നടപടികള്‍ ജിയോളജി വകുപ്പിന്റെ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം
അത്തോളി: ഉള്ള്യേരി പാലോറമലയില്‍ മലമുകളിലെ വലിയ പാറക്കല്ലില്‍ വിള്ളല്‍ കണ്ടത്തിയതിനെ തുടര്‍ന്ന് പ്രദേശവാസികളുടെ ആശങ്ക ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നു. പാലോറ മലയുടെ തെക്കുഭാഗത്ത് ഉള്ള്യേരി-അത്തോളി പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന മൊടക്കല്ലൂര്‍ കൂമുള്ളി ഭാഗത്ത് മലമുകളിലെ കല്ലിലാണ് വിള്ളല്‍ വീണിരിക്കുന്നത്.
രണ്ടാള്‍പൊക്കത്തിലുള്ള ഉരുളന്‍ കല്ലിലാണ് വെള്ളം ഒഴുകിയതിനെ തുടര്‍ന്നുള്ള വിള്ളല്‍ കണ്ടത്. വയനാട് ചൂരല്‍മലയിലെ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ പാറക്കല്ലില്‍ ഉണ്ടായ വിള്ളല്‍ പ്രദേശവാസികള്‍ക്കിടയില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഇന്നലെ തന്നെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എം ബലരാമന്റെ നേതൃത്വത്തിലുള്ള സംഘം പ്രദേശം സന്ദര്‍ശിച്ചിരുന്നു.
മാത്രമല്ല ജിയോളജി വകുപ്പില്‍ അറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ വന്ന് സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ജിയോളജി വകുപ്പ് നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും പ്രശ്‌നത്തില്‍ തുടര്‍നടപടികള്‍ സീകരിക്കുകയെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.അജിത കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. മാത്രമല്ല പാറക്കല്ലില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശത്തിന് അടുത്തുള്ള രണ്ട് വീട്ടുകാരോട് മാറിത്താമസിക്കാന്‍ നിര്‍ദ്ദേശം കൊടുത്തിട്ടുണ്ടെന്നും പ്രസിഡണ്ട് പറഞ്ഞു.
2018ലെ പ്രളയകാലത്ത് ഈ പ്രദേശത്ത് മണ്ണിടിച്ചില്‍ ഭീഷണിയുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഏഴ് കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചിരുന്നു. കഴിഞ്ഞ മഴയില്‍ പ്രദേശത്തെ വീടിന്റെ കിണര്‍ ആളമറയടക്കം താഴ്ന്നിരുന്നു. പ്രദേശത്ത് വലിയ തോതില്‍ ചെങ്കല്‍ ഖനനം നേരത്തെ നടന്നിരുന്നു. എന്നാല്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിലവില്‍ ഖനനമൊന്നും നടക്കുന്നില്ല.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.അജിതയുടെ അദ്ധ്യക്ഷതയില്‍ പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ഉള്ളൂര്‍ ദാസന്‍, ഷാജു ചെറുകാവില്‍, കെ.കെ സുരേഷ്, അബുഹാജി, സോമന്‍ നമ്പ്യാര്‍, പവിത്രന്‍ മാസ്റ്റര്‍, എന്‍.എം ബലരാമന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.