ഏറെ ചുറ്റാതെ കൊയിലാണ്ടിയിലേക്ക് എളുപ്പമെത്താം; ഉള്ളൂർക്കടവ് പാലം പ്രവൃത്തി ഉടൻ പുനരാരംഭിക്കും


 

കൊയിലാണ്ടി: ബാലുശ്ശേരി-കൊയിലാണ്ടി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ഉള്ളൂർക്കടവ് പാലത്തിന്റെ നിർമാണപ്രവൃത്തിയുടെ സ്തംഭനാവസ്ഥയ്ക്ക് പരിഹാരമാകുന്നു. സ്ഥലം ഏറ്റെടുക്കലടക്കമുള്ള പ്രവൃത്തിക്കായുള്ള പുതുക്കിയ എസ്റ്റിമേറ്റിന് സർക്കാർ അംഗീകാരം ലഭിച്ചു.

ഉള്ളൂർക്കടവ് പാലം പ്രവൃത്തി, അനുബന്ധ റോഡിന് ഭൂമി ഏറ്റെടുക്കുന്നതിന്, മറ്റ് അനുബന്ധ ചെലവുകളും കൂടി ഉൾപ്പെടുത്തി ആകെ 18,99,80,000 രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിനാണ് ഭരണാനുമതി ലഭിച്ചത്. ഇതിൽ 3,23,52,281 രൂപ പാലം അനുബന്ധ റോഡിന് ഭൂമി ഏറ്റെടുക്കുന്നതിനാണ് അനുവദിച്ചത്. സ്ഥലം ഏറ്റെടുക്കാനുള്ള 2.5 കോടി അടക്കം 16.25 കോടിക്കായിരുന്നു നേരത്തെ അനുമതി ലഭിച്ചത്. രൂപരേഖയിൽ മാറ്റം വരികയും ജിഎസ്ടി അടക്കം അധികചെലവ് കണക്കാക്കുകയും ചെയ്തപ്പോൾ ഈ തുക തികയാതെ വന്നു.

ചേലിയ ഭാഗത്ത് പൈലിങ് പൂര്‍ത്തിയായെങ്കിലും ഉളളൂര്‍ ഭാഗത്ത് പ്രവൃത്തി മുടങ്ങിക്കിടപ്പാണ്. പാലത്തിനായി വിട്ടുകൊടുക്കുന്ന സ്ഥലത്തിന് നഷ്ടപരിഹാരം നല്‍കിയിട്ടില്ല. ഇതേ ചൊല്ലിയാണ് ഉളളൂര്‍കടവ് ഭാഗത്ത് പൈലിങ് മുടങ്ങിയത്. ഈഭാഗത്ത് ഏഴ് പൈലിങ് പ്രവൃത്തികൾകൂടി ചെയ്യാനുണ്ട്.

മൊത്തം 51 പൈലിങ്ങാണ് വേണ്ടത്. 250.6 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലുമായി നിർമിക്കുന്ന പാലത്തിന് മൊത്തം 12 തൂണുകളാണ് ഉണ്ടാവുക. അകലാപ്പുഴ ദേശീയ ജലപാതയായി പ്രഖ്യാപിച്ചതിനാൽ പുഴയുടെ മധ്യത്തിൽ 55 മീറ്റർ നീളത്തിൽ കമാനാകൃതിയിലാണ് പാലംനിർമിക്കുക. പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി ലഭിച്ചതോടെ പാലംപണി വേഗത്തിലാക്കാൻ കഴിയുമെന്ന് കരാറുകാർ പ്രതികരിച്ചു.

Summary: Ullurkadav bridge work will resume soon