കാലങ്ങളായുള്ള ആവശ്യം യാഥാര്‍ത്ഥ്യമായപ്പോള്‍ സാക്ഷികളാവാനെത്തിയത് നൂറുകണക്കിന് നാട്ടുകാര്‍; നാടിന്റെ ആഘോഷമായി ഉള്ളൂര്‍ക്കടവ് പാലം തുറന്നു


കൊയിലാണ്ടി: കൊയിലാണ്ടി- ബാലുശ്ശേരി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ഉള്ളൂര്‍ക്കടവ് പാലം തുറന്നു. പാലത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ: പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. അഡ്വ: കെ.എം സച്ചിന്‍ദേവ് എം.എല്‍.എ അധ്യക്ഷനായിരുന്നു. കാനത്തില്‍ ജമീല എം.എല്‍.എ മുഖ്യാതിഥിയായി. തങ്ങളുടെ ഏറെക്കാലമായുള്ള ആവശ്യം യാഥാര്‍ത്ഥ്യമായത് കാണാന്‍ നൂറുകണക്കിന് പ്രദേശവാസികളാണ് ഇവിടെയെത്തിയത്.

കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബ്, മുന്‍ എം.എല്‍.എമാരായ പി.വിശ്വന്‍ മാസ്റ്റര്‍, കെ.ദാസന്‍, പുരുഷന്‍ കടലുണ്ടി എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായെത്തി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ്, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.അനിത, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍, ഉള്ള്യേരി പഞ്ചായത്ത് പ്രസിഡന്റ് സി.അജിത, വൈസ് പ്രസിഡന്റ് എന്‍.എം.ബലരാമന്‍, ചെങ്ങോട്ടുകാവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വേണുമാസ്റ്റര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

മൊത്തം 18.5 കോടി രൂപ ചിലവിലാണ് പാലം നിര്‍മ്മിച്ചത്. അപ്രോച്ച് റോഡും പണി പൂര്‍ത്തിയായതാണ്. നഗര പാതകളിലെ തിരക്ക് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലുള്ള പദ്ധതികള്‍ നടപ്പാക്കുന്നത്. 250.6 മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മ്മിച്ചത്. അകലാപ്പുഴ ദേശീയ ജലപാതയായി പ്രഖ്യാപിച്ചതിനാല്‍ പുഴയുടെ മധ്യത്തില്‍ 55 മീറ്റര്‍ നീളത്തില്‍ കമാനാകൃതിയിലാണ് പാലം പൂര്‍ത്തിയാക്കിയത്.

ഉള്ളൂര്‍ക്കടവ് പാലം തുറന്നതോടെ ദേശീയപാതയിലെ ചെങ്ങോട്ടുകാവ് ടൗണില്‍ നിന്ന് ചേലിയ വഴി ഉളളൂര്‍, പുത്തഞ്ചേരി, കൂമുള്ളി, അത്തോളി തുടങ്ങിയ പ്രദേശങ്ങളിലേക്ക് എളുപ്പത്തില്‍ എത്താനാകും.