പേരാമ്പ്ര എൻഐഎം സ്കൂളിലെ അധ്യാപകനെതിരെ പീഡന പരാതി; സ്കൂളിലേക്ക് എസ്എഫ്ഐ ഏരിയ കമ്മിറ്റിയുടെ പ്രതിഷേധ മാർച്ച്, പോലീസ് ലാത്തി വീശി, 12 ഓളം പ്രവർത്തകർക്ക് പരിക്ക്
പേരാമ്പ്ര : എൻ ഐ എം സ്കൂളിലേക്ക് എസ്എഫ്ഐ പേരാമ്പ്ര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ പോലീസ് ലാത്തി വീശി. 12 ഓളം പ്രവർത്തകർക്ക് പരിക്കേറ്റു. സ്കൂളിലെ അധ്യാപകനായ നോച്ചാട് സ്വദേശി ജസീലിനെതിരെ പേരാമ്പ്ര പോലീസ് പീഡനക്കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്നാണ് രാവിലെ 11 മണിയോടെ എസ്എഫ്ഐ സ്കൂളിലേക്ക് മാർച്ച് നടത്തിയത്.
പീഡനക്കേസിൽ ഉൾപ്പെട്ട അധ്യാപകനെതിരെ നടപടി എടുക്കണമെന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു മാർച്ച്. എസ്എഫ്ഐയുടെ പ്രതിനിധികൾ സ്കൂളിലെ പ്രധാന അധ്യാപകനുമായി സംസാരിക്കുന്നതിനിടെ യാതൊരു പ്രകോപനവും ഇല്ലാതെ പോലീസ് പ്രവർത്തകരെ മർദ്ദിക്കുകയും ലാത്തി വീശുകയും ആയിരുന്നെന്ന് എസ്എഫ്ഐ പേരാമ്പ്ര ഏരിയ സെക്രട്ടറി അമൽജിത്ത് വടകര ഡോട്ട് ന്യൂസിനോട് പറഞ്ഞു.
അമൽജിത്ത്, ഏരിയ പ്രസിഡൻറ് കെ കെ അമൽ, വൈസ് പ്രസിഡണ്ട് ദേവാനന്ദ്, മടപ്പള്ളി കോളേജ് യൂണിയൻ ചെയർപേഴ്സൺ അസിൻ ബാനു, ഏരിയ കമ്മിറ്റി അംഗങ്ങളായ ചാഞ്ചൽ, അക്ഷയ് ഇ കെ തുടങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
എസ്എഫ്ഐയുടെ പ്രതിഷേധത്തെ തുടർന്ന് അധ്യാപകനായ ജസീലിനെതിരെ സ്കൂൾ നടപടിയെടുത്തു . 15 ദിവസത്തേക്ക് സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്തു. യുവതിയുടെ പീഡന പരാതി വന്നതിന് പിന്നാലെ അധ്യാപകൻ ഇപ്പോൾ ഒളിവിലാണ് .
Description: Harassment Complaint Against Teacher of Perampra NIM School,Protest march of SFI area committee to school, police lathi charge