തലയില്‍ പാത്രം കുടുങ്ങി പിടഞ്ഞ് ഉടുമ്പ്; സാഹസികമായി പാത്രം ഊരിയെടുത്ത് മണിയൂരിലെ രണ്ട് വനിതകള്‍


പയ്യോളി: ഇര തേടുന്നതിനിടെ തലയില്‍ അബദ്ധത്തില്‍ ടിന്‍ ബോട്ടില്‍ കുടുങ്ങി പ്രാണരക്ഷാര്‍ത്ഥം പിടഞ്ഞ ഉടുമ്പിന് തുണയായി ഹരിതകര്‍മ്മസേനാംഗങ്ങള്‍. മണിയൂര്‍ ഗ്രാമപഞ്ചായത്തിലെ മന്തരത്തൂരിലാണ് സംഭവം.

ജോലിയ്ക്കിടെയാണ് ഹരിതകര്‍മ്മസേനാംഗങ്ങളായ വി.എം.സൗമ്യയും കൂടക്കണ്ടി മീത്തല്‍ ജാനുവും ഉടുമ്പിന്റെ പിടച്ചില്‍ കാണുന്നത്. ‘നിനക്ക് രക്ഷപ്പെടേണ്ടേ ഉടുമ്പേ’ എന്ന് ചോദിച്ച് ഇവര്‍ ഏറെ സാഹസികമായി ഉടുമ്പിനെ പിടിച്ചുവെച്ച് പാത്രം ഊരിയെടുക്കുകയാണ്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനകം വൈറലാണ്.

വിഷയം ശ്രദ്ധയില്‍പ്പെട്ട മണിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. അഷറഫിന്റെ നേതൃത്വത്തില്‍ സൗമ്യയെയും ജാനുവിനെയും പൊന്നാടയണിച്ച് ആദരിച്ചു.