ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിച്ച ജലസംഭരണികളും കിണറും പൈപ്പുകളുമെല്ലാം നോക്കുകുത്തി; തറമ്മലങ്ങാടി കുടിവെള്ള പദ്ധതി നടപ്പാക്കാത്തതിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി യു.ഡി.എഫ് 


അരിക്കുളം: ലക്ഷങ്ങൾ ചെലവഴിച്ച് 5000 ലിറ്ററിന്റെ നാല് ജലസംഭരണികളും കിണറും നിർമിച്ചു. അഞ്ഞൂറ് മീറ്റർ അകലെയുള്ള കിണറിൽ നിന്നും ജലസംഭരണിയിലേക്ക് പ്രധാന പൈപ്പുകൾ സ്ഥാപിച്ചു. വീടുകളിലേക്ക് ജലവിതരണ സംവിധാനങ്ങളും ഒരുക്കി. കിണർ നിറയെ ശുദ്ധജലമുണ്ടെങ്കിലും ദാഹമകറ്റാൻ ഇവിടുത്തുകാർ വേഴാമ്പലിനെ പോലെ കാത്തിരിക്കുകയാണ്.

അരിക്കുളം കാരയാട് തറമലങ്ങാടി കുടിവെള്ള പദ്ധതിയാണ് അധികൃതരുടെ അനാസ്ഥമൂലം മുടങ്ങിക്കിടക്കുന്നത്. കടുത്ത വേനലിൽ കുടിവെള്ളം ലഭിക്കാതെ ദുരിതത്തിലാണ് ഇവിടെയുള്ള നിരവധി കുടുംബങ്ങൾ. പദ്ധതിയുടെ പ്രവൃത്തി തുടങ്ങിയിട്ട് മൂന്ന് വർഷത്തിൽ അധികമായെങ്കിലും സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ അനിശ്ചിതാവസ്ഥയിലാണ്.

വാട്ടർ പമ്പ് സ്ഥാപിക്കുന്നതിൽ തീരുമാനമാകാത്തതും അധികൃതരുടെ നിസംഗതയുമാണ് പദ്ധതിക്ക് തടസമെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ജലസംഭരണിക്കും കിണറിനുമുള്ള സ്ഥലം പൂർണമായും സൗജന്യമായാണ് പ്രദേശത്തുകാർ പഞ്ചായത്തിന് വിട്ടുനൽകിയത്.

തറമലങ്ങാടിയിലെ ജലസംഭരണിക്കുള്ള സ്ഥലം പ്രവാസിയും ജീവകാരുണ്യ പ്രവർത്തകനുമായ അബ്ദുൾ സലാം തറമലും താപ്പള്ളി താഴെയിൽ സ്ഥിതി ചെയ്യുന്ന കിണറിനുള്ള സ്ഥലം പ്രദേശവാസികളായ രണ്ടു പേർ മറ്റൊരാളിൽ നിന്നും വിലക്കുവാങ്ങിയും പദ്ധതിക്കായി സൗജന്യമായി വിട്ടു നൽകുകയായിരുന്നു. പ്രവൃത്തി ആരംഭിച്ച് ഒരു വർഷത്തിനകം ജലവിതരണം ചെയ്യുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം സൗജന്യമായി വിട്ടുനൽകിയത്. എന്നാൽ അധികൃതരുടെ വാ​​ഗ്ദാനങ്ങൾ ജലരേഖയായി.

കുടിവെള്ളം എപ്പോൾ ലഭിക്കുമെന്ന ചോദ്യത്തിന് അധികൃതർക്ക് ഇപ്പോഴും ഉത്തരമില്ല. തൊണ്ണൂറോളം കുടുംബങ്ങൾ പദ്ധതിയുടെ ​ഗുണഭോക്താക്കളാണ്. ഇതിൽ പകുതിയും വേനൽക്കാലം രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്നവരാണ്.

പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയാണ് കുടിവെള്ള പദ്ധതിക്ക് തടസമെന്ന് യു.ഡി.എഫ് കാരയാട് മേഖല നേതൃയോ​ഗം കുറ്റപ്പെടുത്തി. നാട്ടുകാരുടെ വലിയ സഹകരണത്തോടെ തുടങ്ങിയ കുടിവെള്ള പദ്ധതി ഉടൻ പ്രവർത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്. ഏപ്രിൽ 20 ന് വൈകുന്നേരം നാല് മണിക്ക് തറമലങ്ങാടിയിൽ ​ഗുണഭോക്താക്കളെ അണിനിരത്തി ധർണ നടത്തുമെന്ന് യു.ഡി.എഫ് നേതാക്കൾ അറിയിച്ചു.

യു.ഡി.എഫ് നേതൃയോ​ഗം അരിക്കുളം മണ്ഡലം കോൺ​ഗ്രസ് പ്രസിഡന്റ് സി.രാമദാസ് ഉദ്ഘാടനം ചെയ്തു. പൊയിലങ്ങൽ അമ്മത് അധ്യക്ഷത വഹിച്ചു. ടി.മുത്തുകൃഷ്ണൻ, സി.മോഹനൻ, എൻ.കെ.അഷറഫ്, കെ.അഷറഫ്, അനസ് കാരയാട്, ലതേഷ് പുതിയേടത്ത്, മനാഫ് തറമൽ, സിറാജ് തറമൽ എന്നിവർ സംസാരിച്ചു.