‘രജിസ്റ്റർ ചെയ്ത് 299 പേർ, പുനരധിവസിപ്പിക്കുന്നത് 39 പേരെ മാത്രം’; കൊയിലാണ്ടിയിലെ വെൻ്റിംഗ് മാർക്കറ്റ് സൗകര്യപ്രദമായ സ്ഥലത്ത് നിർമ്മിക്കണമെന്ന് യുഡിഎഫ്
കൊയിലാണ്ടി: വഴിയോര കച്ചവടക്കാരെ പുനഃരധിവസിപ്പിക്കാൻ സൗകര്യപ്രദമായ സ്ഥലത്ത് വെൻ്റിംഗ് മാർക്കറ്റ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി മുനിസിപ്പൽ യുഡിഎഫ് കമ്മിറ്റി. വഴിയോര കച്ചവടക്കാരെ പുനഃരധിവസിപ്പിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും വിവിധ ഏജൻസികളുടെയും ലക്ഷക്കണക്കിന് രൂപ ഫണ്ടുണ്ടായിട്ടും സ്വന്തമായി സ്ഥലം വാങ്ങി വിശാലമായ വെൻ്റിംഗ് മാർക്കറ്റ് നിർമ്മിക്കാതെ ബസ് സ്റ്റാൻഡിലേക്കുള്ള പ്രധാന നടപ്പാത തടസ്സപ്പെടുത്തിയുള്ള ബങ്ക് നിർമ്മാണം നഗരസഭയിലെ രജിസ്റ്റർ ചെയ്ത 299 വഴിയോര കച്ചവടക്കാരോടും പൊതുജനങ്ങളോടും നഗരസഭ കാണിക്കുന്ന വഞ്ചനയാണെന്ന് കമ്മിറ്റി പ്രസ്ഥാവിച്ചു.
നഗരസഭ പരിധിയിൽ അംഗീകൃതമായി രജിസ്റ്റർ ചെയ്ത 299 വഴിയോര കച്ചവടക്കാർ ഉണ്ടായിരിക്കേ സ്വന്തക്കാരായ കേവലം 39 പേരെ മാത്രം ബങ്ക് നിർമ്മിച്ച് നടപ്പാതയിൽ പുന:രധിവസിപ്പിക്കാനാണ് നഗരസഭ തീരുമാനിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്ക് ബസ് സ്റ്റാൻഡിലേക്കുള്ള പ്രധാന പ്രവേശന കവാടമായ നടപ്പാത കൈയ്യേറി ബങ്ക് നിർമ്മിക്കുന്നതിലൂടെ വാഹന അപകടങ്ങൾക്കും ഇത് കാരണമാകുമെന്നും കമ്മിറ്റി ആരോപിച്ചു.
ബങ്കിന് ലക്ഷക്കണക്കിന് രൂപയുടെ നിരവധി ഫണ്ടുകൾ ലഭ്യമായിട്ടും നഗരസഭയിലെ പ്രധാന കവലയിൽ വിശാലമായ സ്ഥലം കണ്ടെത്തി നഗരസഭയിൽ രജിസ്റ്റർ ചെയ്ത മുഴുവൻ കച്ചവടക്കാരെയും പുനഃരധിവസിപ്പിക്കുന്നതിനു പകരം തീരെ സൗകര്യമില്ലാത്ത നടപ്പാതയിൽ ബങ്ക് നിർമ്മിക്കാനുള്ള നീക്കം തൊഴിലാളികളോടും പൊതുജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്നും പൊതുവഴി തടസ്സപ്പെടുത്തി ബങ്ക് നിർമ്മിക്കാനുള്ള നീക്കം നിയമപരമായി ചെറുക്കുമെന്നും യുഡിഎഫ് നഗരസഭ കമ്മിറ്റി പ്രസ്ഥാവിച്ചു.
യുഡിഎഫ് പ്രതിഷേധ സംഗമം മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് വി.പി.ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മുനിസിപ്പൽ കൺവീനർ കെ.പി വിനോദ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ യുഡിഎഫ് ചെയർമാൻ ഇയ്യഞ്ചേരി അൻവർ മാസ്റ്റർ സ്വാഗതം പറഞ്ഞു. നഗരസഭ കൗൺസിലർ രത്നവല്ലി ടീച്ചർ, രാജേഷ് കീഴരിയൂർ, നജീബ്.കെ.എം, രജീഷ് വെങ്ങളത്ത് കണ്ടി, എ.അസീസ് മാസ്റ്റർ, മനോജ് പയറ്റു വളപ്പിൽ, വത്സരാജ് കേളോത്ത്, ദൃശ്യ തുടങ്ങിയവർ സംസാരിച്ചു.