‘ദൃശ്യം പരിപാടി അരിക്കുളം പഞ്ചായത്ത് ഭരണ സമിതിയുടെ പിടിപ്പുകേടും ഭരണ പരാജയവും മറച്ചുവെക്കാനുള്ള ചെപ്പടിവിദ്യ’; ബഹിഷ്ക്കരണ തീരുമാനവുമായി യു.ഡി.എഫ്


Advertisement

അരിക്കുളം: അരിക്കുളം പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദൃശ്യം പരിപാടി രാഷ്ട്രീയവൽക്കരിക്കുന്നുവെന്ന് ആരോപിച്ച്‌ പരിപാടിയുമായി യാതൊരു വിധത്തിലും സഹകരിക്കേണ്ടതില്ലെന്ന് പഞ്ചായത്ത് യു.ഡി.എഫ് യോഗം തീരുമാനിച്ചു. ‘കഴിഞ്ഞ രണ്ട് തവണ സംഘടിപ്പിച്ച പരിപാടിയുടെ കണക്ക് സംഘാടക സമിതി വിളിച്ചു കൂട്ടി അവതരിപ്പിക്കാൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞിട്ടില്ല. ഈ ഒരു വിഷയത്തിൽ ഭരണ മുന്നണിയിലെ ഘടകകക്ഷി പ്രവർത്തകർക്കിടയിൽത്തന്നെ മുറുമുറുപ്പുണ്ട്. ആകെയുള്ള 17സബ്ബ് കമ്മറ്റികളിൽ 14സബ്ബ് കമ്മറ്റി ഭാരവാഹി സ്ഥാനങ്ങളും സി.പി.എം തന്നെ കൈയ്യടക്കി വെച്ചിരിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു.

Advertisement

‘കണക്കവതരണം നടന്നില്ലെങ്കിൽ ചോദ്യം ചെയ്യപ്പെടും എന്ന ഭയം മൂലമാണ് പ്രധാനമായും ട്രഷറർ, സാമ്പത്തിക കമ്മറ്റി ചെയർമാൻ എന്നീ സ്ഥാനങ്ങൾ വിട്ടുകൊടുക്കാൻ സി.പി.എം മടിക്കുന്നത് എന്നും യു.ഡി.എഫ് ആരോപിക്കുന്നു. വരാൻ പോകുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഫണ്ട് സ്വരൂപിക്കാനുള്ള സി.പി.എമ്മിൻ്റെ ഗൂഢ പദ്ധതിയാണ് ദൃശ്യം പരിപാടിയെന്നും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു.

Advertisement

‘പഞ്ചായത്ത് ഭരണ സമിതിയുടെ പിടിപ്പുകേടും ഭരണ പരാജയവും മറച്ചുവെക്കാനുള്ള ചെപ്പടിവിദ്യയാണ് ദൃശ്യം പരിപാടിയെന്നും ലഹരി മാഫിയയ്ക്കെതിരെ രാഷ്ട്രീയം മറന്ന് കൈകോർത്ത് മുന്നേറേണ്ടതായ സമയത്ത് വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമം അപലനീയമാണ്. വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ ആശാവർക്കർമാരുടെ ഓണറേറിയം വർദ്ധിപ്പിച്ച പാത പിൻതുടരാതെ ധൂർത്തിൻ്റെ പര്യായമായിരിക്കുകയാണ് അരിക്കുളം പഞ്ചായത്ത് ഭരണ സമിതിയെന്നും’ യു.ഡി.എഫ് നേതാക്കൾ കുറ്റപ്പെടുത്തി.

Advertisement

യോഗത്തിൽ ചെയർമാൻ സി.രാമദാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ഇ.കെ അഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. എൻ.കെ ഉണ്ണിക്കൃഷ്ണൻ, ശശി ഊട്ടേരി, വി.വി.എം ബഷീർ, കെ.അഷറഫ്, ലതേഷ് പുതിയേടത്ത്, രാമചന്ദ്രൻ നീലാംബരി, അമ്മത് പൊയിലിങ്ങൽ, എം.ടി കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.

Description: UDF decides to boycott Arikkulam's Drishyam program