കോഴിക്കോട് കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍; വിൽപനയ്ക്കായി കൊണ്ടുവന്നത് 179 ഗ്രാം കഞ്ചാവ്
കോഴിക്കോട്: വിൽപനയ്ക്കായി കൊണ്ടുവന്ന നിരോധിത മയക്കുമരുന്നായ കഞ്ചാവുമായി കോഴിക്കോട് രണ്ട് യുവാക്കള്‍ പിടിയില്‍. തലക്കുളത്തൂർ സ്വദേശി ചട്ടായിവീട്ടിൽ മുഹമ്മദ് ഫസൽ (32), മലപ്പുറം പുളിക്കൽ സ്വദേശി കിഴക്കയിൽ വീട്ടിൽ അജിത് (24) എന്നിവരെയാണ് ടൗണ്‍ പോലീസ് സ്റ്റേഷൻ എസ്.ഐയും സംഘവും ചേർന്ന് പിടികൂടിയത്.
ഇന്ന് പുലര്‍ച്ചെ നടത്തിയ പെട്രോളിങ്ങിനിടെയാണ് മേലെ പാളയത്ത് നിന്നും മയക്കുമരുന്ന് ഉപയോഗിച്ച് അക്രമാസക്തരായ രണ്ട് പ്രതികളെ 179 ഗ്രാം കഞ്ചാവ് സഹിതം പോലീസ് കസ്റ്റഡിയിൽ എടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒന്നാം പ്രതിയായ മുഹമ്മദ് ഫസലിന് ടൗണ്‍ പോലീസ് സ്റ്റേഷനിൽ കഞ്ചാവ് ഉപയോഗിച്ചതിന് ആറ് കേസുകളും, കസബ പോലിസ് സ്റ്റേഷനിൽ കഞ്ചാവ് വിൽപനയ്ക്കിടെ പിടിച്ചതിനും, കഞ്ചാവ് ഉപയോഗിച്ചതിനും, കോഴിക്കോട് പാളയത്ത് വെച്ച് കത്തികൊണ്ട് കുത്താൻ ശ്രമിച്ചതിനും, ഫറോക് പോലീസ് സ്റ്റേഷനിൽ ബൈക്ക് മോഷണം നടത്തിയതിനും കേസുള്ളതായി കണ്ടെത്തി.
രണ്ടാം പ്രതിയായ അജിത്തിന്റെ പേരില്‍ ടൗണ്‍ പോലീസ് സ്റ്റേഷനിൽ ബൈക്കുകൾ മോഷണം നടത്തിയതിനും, കസബ പോലിസ് സ്റ്റേഷനിൽ കവർച്ച നടത്തിയതിനും, കഞ്ചാവ് ഉപയോഗിച്ചതിനും, മാറാട് പോലിസ് സ്റ്റേഷനിൽ പോക്സോ കേസുകളും നിലവിലുണ്ട്. പ്രതികൾ കോഴിക്കോട് പാളയം കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്തമായും ചില്ലറയായും വിൽപ്പന നടത്തുന്നവരാണെന്ന് പോലീസ് പറഞ്ഞു. എസ്.ഐമാരായ സുലൈമാൻ, സൂരജ് പി, എസ്.സി.പി.ഒ രതീഷ്, സി.പി. ഉല്ലാസ്, കെ.എച്ച്.ജി അനിൽകുമാർ എന്നിരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.