ദേശീയപാതയില്‍ ഇരുചക്ര വാഹനങ്ങള്‍ നിരോധിക്കണം; നിര്‍ദേശവുമായി ഗതാഗത സെക്രട്ടറി


തിരുവനന്തപുരം: ദേശീയപാതയില്‍ ഇരുചക്ര വാഹനങ്ങള്‍ അനുവദിക്കരുത് എന്ന് ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍. ഇത് സംബന്ധിച്ച കരട് നിര്‍ദേശമാണ് സര്‍ക്കാരിന് കൈമാറിയിരിക്കുന്നത്.

സംസ്ഥാനത്തെ ദേശീയപാത വികസനം പൂര്‍ത്തിയാകുമ്പോള്‍ ഇരുചക്ര വാഹനങ്ങളെ പൂര്‍ണമായും ഇവിടെ നിന്ന് നിരോധിക്കണമെന്നും കാറുകളുടെയും വലിയ വാഹനങ്ങളുടെയും സുഗമമായ സഞ്ചാരത്തിന് ഇരുചക്രവാഹനങ്ങള്‍ തടസമാണെന്നും ഇത് ഒഴിവാക്കുന്നതിനാണ് ഇരുചക്ര വാഹനങ്ങളെ നിരോധിക്കേണ്ടത് എന്നാണ് ബിജു പ്രഭാകര്‍ പറയുന്നത്.

ഇരുചക്രവാഹനങ്ങള്‍ ദേശീയ പാതക്ക് പകരം സര്‍വീസ് റോഡിലൂടെ വേണം യാത്ര ചെയ്യാന്‍. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും അംഗീകാരം കിട്ടിയാലേ ഇത് നടപ്പിലാക്കാനാകൂ എന്ന് ശുപാര്‍ശയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇരുചക്രവാഹനങ്ങളാണ് സംസ്ഥാനത്തുണ്ടാകുന്ന ഭൂരിഭാഗം അപകടങ്ങള്‍ക്കും കാരണം എന്നാണ് കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം ബൈക്ക് അപകടത്തില്‍ 1288 ജീവനുകളാണ് നഷ്ടപ്പെട്ടത്. 2021 ല്‍ ഇത് 1069 പേരായിരുന്നു.

എന്നാല്‍ ഇതിനെതിരെ എതിര്‍പ്പുമായി ബൈക്ക് റൈഡേഴ്‌സ് ക്ലബ്ബുകള്‍ ഉള്‍പ്പടെ രംഗത്തെത്തിയിട്ടുണ്ട്. വിരോധാഭാസം നിറഞ്ഞ ആശയമാണിതെന്ന്  ബൈക്ക് റൈഡേഴ്സ് പറയുന്നത്.

അപകടം കുറയ്ക്കുന്നതിന്റെ ഭാഗമായി ബൈക്കുകളുടെ പരമാവധി വേഗത 60 ആക്കി കുറച്ചിരുന്നു. എന്നിട്ടും കാര്യമായ മാറ്റമുണ്ടായിട്ടില്ല. ദേശീയപാതാ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ വലിയ വാഹനങ്ങള്‍ക്ക് ഇതിലൂടെ വേഗത്തില്‍ സഞ്ചരിക്കാനാകും. ഈ സാഹചര്യത്തില്‍ 60 കിലോമീറ്റര്‍ സ്പീഡിലുള്ള ഇരുചക്രവാഹനം മാര്‍ഗതടസം സൃഷ്ടിക്കും.