സംശയം തോന്നി ചാക്ക് പരിശോധിച്ചപ്പോള്‍ നട്ടും ബോള്‍ട്ടും; മൂടാടി റെയില്‍വേ ഗേറ്റിന് സമീപത്ത് നിന്നും പട്ടാപ്പകല്‍ മോഷ്ടാക്കളെന്ന് കരുതുന്ന രണ്ട് പേരെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു*


കൊയിലാണ്ടി: മൂടാടി റെയില്‍വേ ഗേറ്റിന് സമീപത്ത് നിന്നും മോഷ്ടാക്കളെന്ന് കരുതുന്ന രണ്ട് പേരെ നാട്ടുകാര്‍ പിടികൂടി. ഇന്ന് രാവിലെ 9.30ഓടെയാണ് സംഭവം. റെയില്‍വേ ഗേറ്റിന് സമീത്തായി പണി നടന്നുകൊണ്ടിരിക്കുകയാണ്. ഇവിടെ നിന്നുമുള്ള നട്ടും ബോള്‍ട്ടും രണ്ട് പേര്‍ ചാക്കില്‍ കയറ്റി ഓട്ടോറിക്ഷയില്‍ കയറ്റി വെക്കുന്നത് കണ്ട് സംശയം തോന്നിയ ഒരാളാണ് വിവരം നാട്ടുകാരെ അറിയിക്കുന്നത്.

തുടര്‍ന്ന് സമീപപ്രദേശത്തുള്ളവര്‍ എത്തി പരിശോധിച്ചപ്പോള്‍ ചാക്കില്‍ നട്ടും ബോള്‍ട്ടും, മറ്റൊരാളുടെ കൈയില്‍ കുറച്ച് വയറുകളും കണ്ടെത്തി. സംഭവത്തെ കുറിച്ച് ചോദിച്ചപ്പോള്‍ രണ്ട് പേരും പരസ്പരവിരുദ്ധമായ മറുപടികള്‍ പറഞ്ഞതോടെ നാട്ടുകാര്‍ക്ക് സംശയം തോന്നി കൊയിലാണ്ടി പോലീസില്‍ വിവരം അറിയിച്ചു.

പോലീസ് സ്ഥലത്തെത്തി രണ്ട് പേരെയും കസ്റ്റഡിയിലെടുത്തു. മോഷ്ടാക്കളാണെന്ന് കരുതുന്ന ഒരാള്‍ പുല്‍പ്പള്ളിയിലാണെന്നും, മറ്റൊരാള്‍ കോഴിക്കോട് ആണെന്നുമാണ്‌ നാട്ടുകാരോട് പറഞ്ഞത്.

Description: Two suspected thieves were arrested near Moodadi railway gate