മാഹി ബൈപ്പാസില്‍ നിന്നും ഒളവിലം പാത്തിക്കല്‍ പുഴയിലേക്ക് എടുത്ത് ചാടി രണ്ട് പെണ്‍കുട്ടികള്‍, പിന്നാലെ തോണിയിറക്കി രക്ഷപ്പെടുത്തി നാട്ടുകാര്‍, ആത്മഹത്യയ്ക്ക് ശ്രമിച്ചത് കോഴിക്കോട് നിന്നും കാണാതായ പെണ്‍കുട്ടികളെന്ന് സംശയം


വടകര: മാഹി ബൈപ്പാസില്‍ നിന്നും പുഴയിലേക്ക് ചാടിയ പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയത് നാട്ടുകാര്‍. ഇന്ന് ഉച്ചയ്ക്ക് 2മണിയോടെയാണ് മാഹി ബൈപ്പാസ് കടന്നു പോകുന്ന ഒളവിലം പാത്തിക്കലില്‍ രണ്ട് പെണ്‍കുട്ടികള്‍ പുഴയിലേക്ക് ചാടിയത്.

ഈ സമയം പുഴയ്ക്ക് സമീപത്തായി നിന്നവരാണ് പെണ്‍കുട്ടികള്‍ ചാടുന്നത് കണ്ടത്. ഒളവിലം പ്രദേശവാസിയായ രാജേഷ്, പ്രേമന്‍, ബഷീര്‍ എന്നിവരാണ് കുട്ടികളെ അതിസാഹസികമായി രക്ഷപ്പെടുത്തിയത്. ആദ്യം എന്തോ വലിയ കല്ല് വീഴുന്നത് പോലെയായിരുന്നു ഇവര്‍ക്ക് തോന്നിയത്. പിന്നീട് നോക്കിയപ്പോഴാണ് പെണ്‍കുട്ടികളെ കണ്ടത്. ഉടന്‍ തന്നെ മൂന്ന് പേരും ചേര്‍ന്ന്‌ പുഴയിലേക്ക് തോണിയിറക്കി രണ്ട് കുട്ടികളെയും രക്ഷപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് ചൊക്ലി മെഡിക്കല്‍ സെന്ററിലേക്ക് കുട്ടികളെ കൊണ്ടുപോയി. ഇവിടെ നിന്നും പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കുട്ടികളെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുട്ടികള്‍ നിലവില്‍ അപകട നില തരണം ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം. കോഴിക്കോട് നിന്നും കാണാതായവരാണ് പെണ്‍കുട്ടികളെന്നാണ് സൂചന.