കൊയിലാണ്ടിയില്‍ സേവാഭാരതിയുടെ ദ്വിദിന പാലിയേറ്റീവ് കെയർ പരിശീലനം


കൊയിലാണ്ടി: ദേശീയ സേവാഭാരതി കോഴിക്കോട് ജില്ലാ സമിതിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയില്‍ രണ്ട് ദിവസത്തെ പാലിയേറ്റീവ് കെയർ പരിശീലനം ആരംഭിച്ചു. ശ്രീഗുരുജി വിദ്യാനികേതന്‍ സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടി ആരോഗ്യ വകുപ്പ് റിട്ട: സീനിയർ കൺസൾട്ടെൻ്റ് ഡെർമറ്റോളജി ഡോ.കെ.വി സതീഷ് ഉദ്ഘാടനം ചെയ്തു.

ദേശീയ സേവാഭാരതി കേരളം സംസ്ഥാന സെക്രട്ടറി രാജീവൻ.എം പദ്ധതി വിശദീകരിച്ചു. നാഷണൽ അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയർ ഫോർ ആയുഷ് & ഇൻ്റഗ്രറ്റീവ് മെഡിസിൻ (NAPCAIM) നാഷണൽ ട്രെയിനറും ദേശീയ സേവാഭാരതി കേരളത്തിൻ്റെ പാലിയേറ്റീവ് കെയർ ട്രെയിനിങ്ങ് പ്രൊജക്ട് ഡയറക്ടറുമായ ജോസ് പുളിമൂട്ടിൽ ക്ലാസുകള്‍ നയിക്കും.

“വാർദ്ധക്യം കൊണ്ടും മറ്റു രോഗങ്ങളാലും ബുദ്ധിമുട്ടനുഭവിക്കുന്ന ഒരുപാട് മാധവന്മാർ വീടിന്റെ അകത്തളങ്ങളിൽ കിടപ്പിലുണ്ട്. അവർക്കുള്ള സേവയാണ് മാനവസേവ മാധവ സേവ എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ള സേവാഭാരതിയുടെ പ്രവർത്തനം,” എന്ന് പരിശീലനം ആരംഭിച്ചുകൊണ്ട് ജോസ് പുളിമൂട്ടിൽ പറഞ്ഞു. ഡബ്ല്യൂഎച്ച്ഒ മാർഗനിർദേശങ്ങൾ അനുസരിച്ചുള്ള മാനസികവും ശാരീരികവുമായ പരിചരണം നൽകുന്നതിനാവശ്യമായ വിവരങ്ങൾ ഉൾപ്പെടുന്ന സിലബസ് പ്രകാരമാണ് പരിശീലനം നല്‍കുന്നത്‌.

ചടങ്ങിൽ സുനീഷ്, ശ്രീജാവിജയ്, വി.എം മോഹനൻ, രജി കെ.എം എന്നിവർ സംസാരിച്ചു. പരിശീലനത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണത്തോടെ പരിശീലനം സമാപിക്കും. കോഴിക്കോട് ജില്ലയുടെ വിവിധ യൂണിറ്റുകളിൽ നിന്നായി 92 പ്രവർത്തകരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്‌.

Description: Two-day palliative care training by Sevabharati at Koyilandy