സുനിലയും സംഘവും തിരക്കിലാണ്; കൊയിലാണ്ടിയിലെ വീടുകളിൽ പാറിപറിക്കാനായി ത്രിവർണ്ണ പതാകകളൊരുക്കുന്നതിൽ; തയ്യാറാവുന്നത് 25000ൽ അധികം ദേശിയ പതാകകൾ


കൊയിലാണ്ടി: കൊയിലാണ്ടി സഹയോഗിൽ തയ്യൽ മെഷീൻ നിർത്താതെ അടിക്കുകയാണ്, സുനിലയും സംഘവും തുടർച്ചയായ ജോലിയിലുമാണ്. ഹര്‍ ഘര്‍ തിരംഗ പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടിയിൽ മുഴുവൻ പാറിപറകാനായി 25,000 ദേശീയ പതാകകളാണ് ഇവരുടെ കൈകളിലൂടെ നിർമ്മിക്കുന്നത്.

കൊയിലാണ്ടി – താമരശ്ശേരി റൂട്ടില്‍ മാവിന്‍ ചുവട് ഗവ. ഐ.ടി.ഐക്ക് സമീപമാണ് ഇവരുടെ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. രാവിലെ എട്ടരയോടെ ആരംഭിക്കുന്ന ജോലി വൈകിട്ട് ആറ് വരെ തുടരും. ഏറെ ശ്രദ്ധയോടു കൂടി മാത്രമേ ഓരോ പതാകയും നിർമ്മിച്ചെടുക്കാനാവു. നിറഞ്ഞ ബഹുമാനത്തോടെയും ആദരവോടെയുമാണ് ഓരോ അംഗങ്ങളും പതാകയെ പൂര്‍ണതയില്‍ എത്തിക്കുന്നത്.

ത്രിവർണ്ണ തുണികള്‍ ചേര്‍ത്ത് വച്ച് കൃത്യമായ ഓർഡറിൽ തയ്ക്കുന്നതിനൊടൊപ്പം തന്നെ അശോകചക്രം പ്രിന്റ് ചെയ്യുന്ന ജോലിയും നടക്കും.

‘ഇന്ത്യയുടെ ദേശീയപതാക നിര്‍മ്മിക്കാന്‍ കഴിയുകയെന്ന് പറഞ്ഞാല്‍ അതിലും വലിയ ഭാഗ്യം വേറൊന്നുമില്ല.’ ബദല്‍ ഉല്‍പ്പന്ന നിര്‍മ്മാണ വിപണന യൂണിറ്റിലെ കെ സുനില പറയുന്നു. സഹയോഗില്‍ സുനിലയോടൊപ്പം 10 യൂണിറ്റ് അംഗങ്ങളും ചേർന്നാണ് പതാക നിര്‍മ്മിക്കുന്നത്. ഇവര്‍ക്ക് പുറമേ പ്രദേശത്തെ മറ്റ് കുടുംബശ്രീ യൂണിറ്റുകളും പതാക നിര്‍മ്മാണത്തില്‍ പങ്കാളികളാണ്.

കോഴിക്കോട് നിന്നും മൊത്തവിലയില്‍ തുണിയെടുത്താണ് ഇവർ പതാക നിർമ്മിക്കുന്നത്. കോട്ടണ്‍, പോളിസ്റ്റര്‍ തുണിയില്‍ 900*600 എം.എം, 150*100 എം.എം അളവുകളിലാണ് പതാകയുടെ നിര്‍മ്മാണം. മുഴുവന്‍ പതാകകളും പൂര്‍ത്തിയായി കഴിയുന്നതോടെ ജില്ലാ മിഷന്റെ നിര്‍ദ്ദേശാനുസരണം ബന്ധപ്പെട്ടവര്‍ക്ക് കൈമാറും.

കോട്ടണ്‍ പതാകയ്ക്ക് 40 രൂപയാണ് വില. ഈ അളവിലുള്ള പോളിസ്റ്റര്‍ മിക്‌സ് തുണിയിലുള്ള പതാക 30 രൂപയ്ക്ക് ലഭിക്കും. 150*100 എം.എം അളവിലുള്ള കോട്ടണ്‍ പതാകയ്ക്ക് 25 രൂപയും പോളിസ്റ്റര്‍ മിക്സിന് 20 രൂപയുമാണ്.

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷമായ ‘ആസാദി കാ അമൃത്’ മഹോത്സവത്തിന്റെ ഭാഗമായി രാജ്യത്തെ ഓരോ വീട്ടിലും ദേശീയ പതാക ഉയര്‍ത്താന്‍ ആഹ്വാനം ചെയ്യുന്നതാണ് ‘ഹര്‍ ഘര്‍ തിരംഗ’പദ്ധതി. ഓഗസ്റ്റ് 13 മുതല്‍ 15 വരെ ദേശീയ പതാക ഉയര്‍ത്താനാണ് നിര്‍ദേശം.

ജില്ലയിലെ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ ഓഫീസുകളിലും സ്‌കൂള്‍, കോളജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പതാക ഉയര്‍ത്തും.

സംസ്ഥാനത്ത് 700 കുടുംബശ്രീ വസ്ത്ര യൂണിറ്റുകളിലായി 50 ലക്ഷം ദേശീയ പതാകകൾ ആണ് നിർമ്മിക്കുന്നത്. കൂടാതെ 4,000 കുടുംബശ്രീ യൂണിറ്റുകളും ദേശീയ പതാകകൾ നിർമ്മിക്കുന്നത്.

പ്രതിദിനം മൂന്ന് ലക്ഷം പതാകകളാണ് ഓരോ യൂണിറ്റുകളിലും നിർമ്മിക്കുന്നത്. ഇവിടെ നിർമ്മിക്കുന്ന പതാകകൾ 3:2 അനുപാതത്തിൽ ഏഴ് വ്യത്യസ്ത വലുപ്പത്തിലുള്ളതായിരിക്കും.

സ്വതന്ത്ര്യ സമര സേനാനിയും മികച്ച ഡിസൈനറുമായ പിങ്കാളി വെങ്കയ്യയാണ് ത്രിവര്ണത പതാകയുടെ രൂപകല്പമന നിർവഹിച്ചത്. 1947ജൂലൈ 22ന് കൂടിയ ഭരണഘടനാ സമിതിയുടെ പ്രത്യേക സമ്മേളനമാണ് ഇന്ത്യയുടെ ദേശീയ പതാക ഇന്നുള്ള രൂപത്തില്‍ അംഗീകരിച്ചത്.