‘പിറന്നുവീണ പിറ്റേദിവസം തന്നെ അച്ഛനെ നഷ്ടപ്പെട്ട ആ കുഞ്ഞ്: വിശ്വനാഥന്‍ സമൂഹത്തിന്റെ ഒടുവിലത്തെ ഇര മാത്രം!’; മെഡിക്കല്‍ കോളജ് ആശുപത്രിക്കു സമീപം ആദിവാസി യുവാവ് മരിച്ച സംഭവത്തില്‍ രോഷം പങ്കുവച്ച് യുവ സാഹിത്യകാരന്‍ നിസാം കക്കയത്തിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു


വിവാഹം കഴിഞ്ഞ് എട്ടു വര്‍ഷങ്ങള്‍ക്കുശേഷം പിറന്ന പിഞ്ചു കുഞ്ഞിനെ ഒന്ന് താലോലിക്കും മുന്‍പ് ഈ ലോകത്തോടു വിട പറയേണ്ടി വന്ന ആദിവാസി യുവാവ്. കല്‍പറ്റ വെള്ളാരംകുന്ന് അഡ്ലേഡ് പാറവയല്‍ കോളനിയിലെ വിശ്വനാഥന്‍ (46) എന്ന യുവാവിന് നേരിടേണ്ടി വന്ന ദുരനുഭവം സമൂഹത്തിലെ ഒടുവിലത്തേതു മാത്രമാണ്.

കോഴക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിക്കു സമീപം മോഷണക്കുറ്റം ആരോപിക്കപ്പെട്ട് ആള്‍ക്കൂട്ട മര്‍ദനത്തിനിരയായ ശേഷം തൂങ്ങിമരിച്ച വിശ്വനാഥന്‍ ജാതിയുടെയും വര്‍ണ്ണത്തിന്റെയും അടിസ്ഥാനത്തില്‍ മനുഷ്യരെ വേര്‍തിരിക്കുന്ന നീചസംസ്‌കാരത്തിന്റെ ഇരയായി മാറുകയായിരുന്നു.

സാക്ഷരതയുടെയും സംസ്‌കാരത്തിന്റെയും കുത്തവകാശം പറയുന്ന ‘ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നടക്കുന്ന ഇത്തരം അനീതിയില്‍ ആശങ്ക പങ്കുവെച്ച് യുവ സാഹിത്യകാരന്‍ നിസാം കക്കയത്തിന്റെ കുറിപ്പ് വായിക്കാം

‘പൊന്ന് മോനറിയാന്‍ അച്ഛന്‍ വിശ്വനാഥന്‍’…!

എന്റെ പൊന്നൂസിന്,

നീണ്ട കാലത്തെ കാത്തിരിപ്പിന് ശേഷം നിന്നെ ഞങ്ങള്‍ക്ക് ദൈവം തന്നപ്പോള്‍ ഒരുപാട് സന്തോഷിച്ചു.
ഈ ലോകം കീഴടക്കിയ സന്തോഷമായിരുന്നു
എനിക്കപ്പോള്‍.
പക്ഷേ, എല്ലാ സന്തോഷവും നിമിഷങ്ങള്‍ക്കൊണ്ട് തകര്‍ന്നടിഞ്ഞു.

‘കള്ളന്റെ മോനല്ലെ നീ’ എന്ന് നാളെകളില്‍ ആരെങ്കിലും പൊന്നൂസിനെ വിളിക്കുമ്പോള്‍ തലകുനിച്ചിരിക്കാതിരിക്കാന്‍, മോന് കാണാന്‍ സാധിക്കാത്തത്ര ദൂരത്തിരുന്നാണ് അച്ഛനെഴുതുന്നത്…!

8 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് എനിക്കും മോന്റമ്മക്കും ഈശ്വരന്‍ തന്നൊരു നിധിയായി മോന്‍ ജനിക്കുന്നത്.
എന്റെ പൊന്നിനെ താരാട്ട് പാടി അച്ഛന്റെ നെഞ്ചത്ത് കിടത്തിയുറക്കണം,
അച്ഛനുമമ്മയ്ക്കും ലഭിക്കാത്ത നല്ല ആഹാരവും,വസ്ത്രവും, വിദ്യാഭ്യാസവും നല്‍കി ഉത്തമ മകനായി വളര്‍ത്തണം.. അങ്ങനെ, അങ്ങനെ എന്റെ കുഞ്ഞിന്റെയൊപ്പമുള്ള ജീവിതത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ഞാനും അവളും..!

പക്ഷേ, എന്റെയുള്ളിലെന്നും ഭയമായിരുന്നു. സമൂഹത്തിന്റെ മുന്നില്‍ ഞാനും നീയും അമ്മയും ആദിവാസിയാണ്.
എല്ലാ അശുഭ കാര്യങ്ങളുടെയും അടയാളമായി സമൂഹം കാണുന്ന കറുപ്പാണ് നമ്മുടെ തൊലിയുടെ നിറം. നമ്മുടെ ജാതിയും, നിറവും ജീവിത ശൈലിയുമെല്ലാം സാക്ഷരതയുടെയും, സംസ്‌കാരത്തിന്റെയും കുത്തകാവകാശം പറയുന്ന കേരള ജനത പൂച്ഛത്തോടെയാണ് നോക്കി കാണുന്നത്.

ഒടുവില്‍, സ്വപ്ന സാഫല്യമായി മോന്‍ ജനിച്ച ദിവസം അച്ഛന്‍ ഭയപ്പെട്ടത് തന്നെയാണ് സംഭവിച്ചത്.
മനസാവാചാ അറിയാത്ത കുറ്റത്തിന് കള്ളനെന്ന് ഞാന്‍ മുദ്ര കുത്തപ്പെട്ടു.
ആരുടെയോ എന്തൊക്കെയോ നഷ്ട്ടപ്പെട്ടപ്പോള്‍ ഒരാള്‍ എന്നെ നോക്കി പറഞ്ഞു ‘അവനാണ് കള്ളന്‍’, അപ്പോള്‍ ഏതോ ഒരു മാന്യന്‍ ചോദിച്ചു ‘എന്താണുറപ്പ്..?’
അവന്‍ കറുത്തവനാണ്, ആദിവാസിയാണ്,
മുഷിഞ്ഞവനാണ്.’
മറുപടി കേട്ടപ്പോള്‍ മാന്യനും ചുറ്റുംകൂടി നിന്നവരുമുറക്കെ വിളിച്ചു.. ‘നായിന്റെ മോനേ, കള്ളാ…!’

‘കള്ളനല്ല.. കള്ളനല്ല.. ഞാന്‍ എന്റെ മോനെ കാണാന്‍ വന്നതാണ്.
എന്റെ ഭാര്യ അവിടെ ആശുപത്രിയില്‍ ഒറ്റക്കാണ്. അവള്‍ക്കും മോനും ഞാന്‍ മാത്രേയുള്ളൂ.. എന്നെ തല്ലല്ലേ.. ഞാനല്ല കള്ളന്‍’ എന്നൊക്ക ഉറക്കെ പറഞ്ഞ് ഞാന്‍ കരയുന്നുണ്ടായിരുന്നു.
പക്ഷേ, കാടിന്റെ മകന്റെ കണ്ണീരിനെന്ത് വില..!

നാലാള്‍ കൂടുന്നിടത്ത് മോഷണമോ, കൊലപാതകമോ, ക്രിമിനല്‍ പ്രവര്‍ത്തനമോ നടന്നാല്‍ അവിടെ ആദിവാസിയോ, ദളിതനോ, കറുത്തവനോ ഉണ്ടെങ്കില്‍ പ്രതിയായി ചിത്രീകരിക്കപ്പെടുന്ന ഇന്നിന്റെ കെട്ട കാലത്ത് കരച്ചിലിനും മനുഷ്യത്വത്തിനും വിലയില്ല എന്നറിഞ്ഞിട്ടും അച്ഛനുറക്കെ കരയുകയായിരുന്നു..!

കുഞ്ഞേ, ആ ഒരു നിമിഷം അച്ഛന്റെയുള്ളില്‍ നീയും നിന്റമ്മയും മാത്രേ ഉണ്ടായിരുന്നുള്ളൂ. മരിക്കാതിരിക്കാന്‍ ഞാനെത്രമാത്രം ആഗ്രഹിച്ചുവെന്നോ..!

അച്ഛാ എന്നുള്ള മോന്റെ വിളി പോലും കേള്‍ക്കാന്‍ പറ്റാതെ, കിളികൊഞ്ചലുകളും പിച്ച വെച്ച് നടക്കലും കാണാനാകാതെ ഈ ലോകത്ത്‌നിന്ന് എന്നെ ഇല്ലാതാക്കിയതിന് പരിഷ്‌കൃത സമൂഹം കണ്ടെത്തിയ ഉത്തരം.. ഞാന്‍ ഒരു ആദിവാസി…!

നേരെ നിന്ന് പോരാടേണ്ടതിന് പകരം ജീവനൊടുക്കിയ ഭീരുവല്ല അച്ഛന്‍.. ആത്മഹത്യ ചെയ്തതുമല്ല.ചെയ്യാത്ത കുറ്റത്തിന് ഈ സമൂഹം വേദനിപ്പിച്ച് പേടിപ്പിച്ച് കൊന്നതാണ്.

മോന്റച്ഛനിവിടെ ഒറ്റക്കല്ല കേട്ടോ.
വിശന്നപ്പോള്‍ ഒരു കഷ്ണം റൊട്ടി എടുത്തതിന് ‘ദൈവത്തിന്റെ സ്വന്തം നാട്’എന്ന് അവിശ്വാസികള്‍ പോലും വിളിക്കുന്ന കൈരളിക്കാര്‍ തല്ലിക്കൊന്ന മധുവും,
പൊതു പൈപ്പില്‍ വെള്ളം കുടിച്ചതിന്റെ പേരിലും, പശുവിന്റെ പേരിലും, ആരാധനാലയങ്ങളുള്ള വഴിയെ നടന്നതിന്റെ പേരിലും ക്രൂരമായി കൊല ചെയ്യപ്പെട്ട ഒട്ടനവധി നിരപരാധികള്‍ ഉണ്ടിവിടെ കൂട്ടായി.. ഒരു നീതിപീoവും പേനയെടുക്കാത്ത നിരാലംബര്‍.

അച്ഛന്‍ നിര്‍ത്തുകയാണ്..ഒന്നേ എനിക്ക് പൊന്നുമോനോട് പറയാനുള്ളൂ,
‘പച്ചയിറച്ചി കൊത്തി വലിക്കാന്‍ കാത്തിരിക്കുന്ന കഴുകന്മാര്‍ക്കിടയിലേക്കാണ് എന്റെ കുഞ്ഞ് പിറന്ന് വീണിരിക്കുന്നത്. ആട്ടിന്‍ തോലണിഞ്ഞ ചെന്നായ കൂട്ടങ്ങളാണ് ഇവിടം മുഴുവന്‍. എന്റെ കുഞ്ഞ് അച്ഛനെ പോലെ അവര്‍ക്കിരയാവരുത്. കാട് നല്‍കുന്ന സുരക്ഷിതത്വം തന്നെയാണ് പൊന്നേ നമുക്ക് വലുത്.

വിശന്നു വലഞ്ഞൊരുത്തനെ കള്ളനെന്ന് മുദ്ര കുത്തി കൂട്ടം കൂടി തല്ലി കൊന്ന് അതിന്റെ മേലെ കയറിയിരുന്ന് മനുഷ്യത്വം ഛര്‍ദ്ധിക്കുന്നവരുടെ
സാമീപ്യത്തേക്കാള്‍ നമുക്ക് നല്ലത് കാടിന്റെ സുരക്ഷിതത്വം തന്നെയാണ്.

അച്ഛന്റെ കുഞ്ഞിന് ഒരായിരം ചക്കര ഉമ്മകള്‍…!

(സാക്ഷരതയുടെയും സംസ്‌കാരത്തിന്റെയും കുത്തകാവകാശം പറയുന്ന ‘ദൈവത്തിന്റെ സ്വന്തം നാടിനെ’ കുറിച്ചൊരു തുറന്നെഴുത്ത്..)

summary: Nizam Kakkayam, a native of Kakkayam, wrote about the death of a tribal youth in the medical college