വളയത്ത് തണൽ മരം കടപുഴകി വീണ് വൻ നാശം; 11 കെ.വി പോസ്റ്റുകൾ മുറിഞ്ഞ് വീണു; നാലു പേർക്ക് വൈദ്യുതാഘാതമേറ്റു; കടകൾക്കും സാരമായ കേടുപാടുകൾ



വടകര:
കനത്ത കാറ്റിലും മഴയിലും വളയത്ത് വൻ നാശ നഷ്ടം. തണൽ മരം ആയിരുന്ന വലിയ മരം റോഡിൽ കടപുഴകി വീണതാണ് നാശനഷ്ടത്തിന് കാരണം. 11 കെ വി വൈദ്യുതി പോസ്റ്റുകൾ റോഡിലേക്ക് മുറിഞ്ഞ് വീഴുകയും ആളുകൾക്ക് വൈധ്യുതി ആഘാതമേൽക്കുകയും ചെയ്തു.

വളയം പാറക്കടവ് റോഡിൽ രാത്രി എട്ടേ മുക്കാലോടെയാണ് ഗവൺമെൻറ് ഹയർ സെക്കന്ററി സ്ക്കൂൾ വളപ്പിലെ മരം കടപുഴകി വീണത്. ആളുകൾ യാത്ര ചെയ്തിരുന്ന സമയമായിരുന്നെങ്കിലും വൻ ദുരന്തം ഒഴിവായി. എന്നാൽ നിരവധി നാശ നഷ്ടങ്ങൾ സംഭവിച്ചു. രണ്ട് 11 കെ. വൈദ്യുതി പോസ്റ്റുകൾ റോഡിലേക്ക് മുറിഞ്ഞ് വീണു. ഇതേ തുടർന്ന് നാല് പേർക്ക് വൈദ്യുതാഘാതമേറ്റു. വലിയ അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.

ഈ വഴിയിൽ നിരവധി വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നു, എങ്കിലും വലിയ നാശ നഷ്ടങ്ങൾ ഒന്നും റിപ്പോർട്ട്‌ ചെയ്തിട്ടില്ല.

ടൗൺ പരിസരത്തെ കടയിൽ ഉണ്ടായിരുന്ന 4 പേർക്കാണ് വൈദ്യുതാഘാതമേറ്റത്. ഉടൻ തന്നെ വൈദ്യുതി വിഛേദിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. എന്നാൽ രണ്ട് കടകൾക്ക് സാരമായ കേട്പാടുകൾ സംഭവിച്ചു.

ചേലക്കാട് നിന്ന് അഗ്നി രക്ഷാ സേന സ്ഥലത്തെത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. വളയം
പോലീസും സ്ഥലത്തുണ്ട്. ഇന്നലത്തെ മഴയിൽ വടകര ഭാഗത്തെ നിരവധിയിടങ്ങളിൽ നാശ നഷ്ടങ്ങൾ ഉണ്ടായി.