ദേശീയപാതയില്‍ സില്‍ക്ക് ബസാറില്‍ ടിപ്പര്‍ ലോറിയുടെ മുകളില്‍ മരക്കൊമ്പ് വീണു; കൊയിലാണ്ടിയില്‍ വന്‍ ഗതാഗതക്കുരുക്ക്


കൊയിലാണ്ടി: ദേശീയപാതയില്‍ സില്‍ക്ക് ബസാറില്‍ ടിപ്പര്‍ ലോറിക്ക് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണു. എം-സാന്റ് ഇറക്കിയ ശേഷം കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിക്ക് മുകളിലാണ് മരക്കൊമ്പ് വീണത്. സംഭവത്തെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ അതിരൂക്ഷമായ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.

എം-സാന്റ് ഇറക്കിയ ശേഷം മണല്‍ ലോറിയുടെ പിറകിലെ ഭാഗം താഴ്ത്താന്‍ ഡ്രൈവര്‍ മറന്നതാണ് മരക്കൊമ്പ് പൊട്ടിവീഴാന്‍ കാരണം. ഉയര്‍ന്നു നിന്നിരുന്ന ഈ ഭാഗം തട്ടിയാണ് മരക്കൊമ്പ് പൊട്ടി ലോറിക്ക് മുകളില്‍ വീണത്. സമീപമുണ്ടായിരുന്ന കാറിന് നേരിയ തകരാറ് പറ്റിയിട്ടുണ്ട്.

വൈകീട്ട് 7:40 ഓടെയാണ് സംഭവമുണ്ടായത്. ഫയര്‍ ഫോഴ്‌സ് സംഭവ സ്ഥലത്തെത്തി മരക്കൊമ്പ് മുറിച്ചു മാറ്റാനുള്ള ശ്രമം ഊര്‍ജ്ജിതമായി തുടരുകയാണ്. ഗതാഗതക്കുരുക്ക് ഉടന്‍ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.