അത്രപെട്ടെന്ന് ആരുടെയും കണ്ണില്‍പ്പെടാത്ത വയനാടന്‍ സൗന്ദര്യം നുകരാം; കാരാപ്പുഴ അണക്കെട്ടില്‍ നിന്നും നെല്ലറച്ചാലിലേക്ക് യാത്ര പോയാലോ?
സഞ്ചാരികളായ മിക്കവരും യാത്ര ചെയ്യാൻ മോഹിക്കുന്നിടമാണ് വയനാട്. ചുരംകയറുമ്പോൾ മുതൽ വയനാടിന്റെ ദൃശ്യത്തിന് തുടക്കമാകും. ആ നാട് മുഴുവൻ കാഴ്ചകൾ കൊണ്ട് സമ്പന്നമാണ്. നമ്മളിലധികം പേരും വയനാടിന്റെ മുക്കും മൂലയും അരിച്ചുപ്പെറുക്കിയവരായിരിക്കും. പക്ഷേ ചില രത്‌നങ്ങൾ വയനാട് ഒളിപ്പിച്ചുവച്ചിട്ടുണ്ട്. അങ്ങനെ പെട്ടെന്നൊന്നും ആരുടേയും കണ്ണിൽപ്പെടാതെ വയനാടൻ സൗന്ദര്യം മുഴുവൻ ആവാഹിച്ച ഒരു സ്ഥലത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. അതാണ് നെല്ലറച്ചാൽ.
വയനാട്ടിലെ ഏറ്റവും സുന്ദരമായ സ്ഥലങ്ങളിൽ ഒന്നാണ് നെല്ലറച്ചാൽ. ഭൂമിശാസ്ത്രപരമായി, നെല്ലറച്ചാൽ ഒരു ഉപദ്വീപിന്റെ ഒരു ഭാഗം പോലെയാണ്. അതായത് നെല്ലറച്ചാലിന്റെ മൂന്ന് വശം കാരാപ്പുഴ അതിരിടുന്നു. കാരാപ്പുഴ റിസർവോയറിന്റെ മനോഹരമായ പശ്ചാത്തലത്തിൽ നിന്ന് യാത്ര ആരംഭിക്കാം. ഈ ഗ്രാമത്തിലേക്കുള്ള യാത്ര സംഘടിപ്പിക്കുന്നത് കേരള ടൂറിസം ആയതിനാൽ നെല്ലാറച്ചാലിന്റെ മുക്കും മൂലയും പരിചയപ്പെടുത്താൻ സഞ്ചാരികൾക്കൊപ്പം ഒരു ഗൈഡുമുണ്ടാകും.
കാരാപ്പുഴ അണക്കെട്ടിന്റെ വേറിട്ടകാഴ്ചകളാണ് സന്ദർശകരെ ഇവിടേയ്ക്ക് ആകർഷിക്കുന്നത്. ഞാമലം കുന്നിനരികിലെ മൊട്ടക്കുന്നിൽ ആ ജലാശയത്തിനരികിലെ ശാന്തതയിലിരുന്ന് മീൻപിടിത്തവും ഗ്രാമീണരുടെ ജീവിതരീതികളും ആസ്വദിക്കാനെത്തുന്നവർ ഏറെയാണ്. ഗോത്രവർഗക്കാർ അധിവസിക്കുന്നിടത്ത് നഗരത്തിന്റെ തിരക്കുകളേതുമില്ലാതെ നമുക്ക് കുറേ സമയം ചെലവഴിയ്ക്കാം. ആൽബം, വിവാഹ ഫോട്ടോഷൂട്ട് എന്നിവയുടെ പ്രധാന ലൊക്കേഷനാണ് ഇവിടം. കുന്നിൻചെരുവിൽ ഓഫ് റോഡ് ഡ്രൈവിങ് ആസ്വദിക്കാനെത്തുന്നവരും ഏറെ.
നെല്ലറച്ചാൽ നിരവധി യുദ്ധങ്ങൾക്കും സാക്ഷിയായിട്ടുണ്ട്. കുറിച്യ ഗോത്രവർഗ്ഗക്കാർക്കൊപ്പം ബ്രിട്ടീഷുകാർക്കെതിരെ ഗറില്ലാ യുദ്ധം നയിച്ച മലബാറിലെ സിംഹം പഴശ്ശി രാജായ്‌ക്കൊപ്പം നെല്ലറച്ചാലിൽ നിന്നുള്ള അമ്പെയ്ത്ത് വിദഗ്ദൻ ഗോവിന്ദൻ യുദ്ധം നയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അമ്പ് ശേരഖങ്ങളും മറ്റു വിവരങ്ങളുമെല്ലാം നെല്ലറച്ചാൽ യാത്രയിൽ പരിചയപ്പെടാൻ അവസരമുണ്ട്.
വയനാട്ടിലെ പണിയൻ ഗോത്രക്കാർ നിർമിക്കുന്ന തുടി എന്ന സംഗീതോപകരണത്തിന്റെ പ്രവർത്തനവും വിൽപനയുമെല്ലാം ഇവിടെയുണ്ട്. സന്ദർശകർക്കായി ആദിവാസികൾ നിർമിക്കുന്ന ഈ ഉപകരണത്തിന്റെ വിൽപന ഗ്രാമീണരുടെ ഉപജീവന മാർഗം കൂടിയാണ്. മാത്രമല്ല ഇവിടെ യൂക്കാലിപ്റ്റസിന്റെ ഗുണങ്ങളും അതിന്റെ ഔഷധ മൂല്യവും അറിയാനുള്ള അവസരവുമുണ്ട്. യൂക്കാലിപ്റ്റസ് ഓയിൽ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നമുക്ക് ഇവിടെ നിന്നറിയാം. സുഗന്ധവ്യഞ്ജന തോട്ടങ്ങൾ, ട്രൈബൽ ആർട്ട് സെന്റർ, ഉറവ് ബാംബൂ ക്രാഫ്റ്റ് വില്ലേജ് തുടങ്ങിയവയും നെല്ലറച്ചാലിലെ ആകർഷണങ്ങളാണ്.
എത്തിച്ചേരേണ്ട വിധം
അമ്പലവയൽ-മീനങ്ങാടി റോഡ് വഴി റോഡ് മാർഗം നെല്ലറച്ചാലിൽ എത്താൻ 35 മിനിറ്റും വാര്യാട്-കൊളവയൽ റോഡ് വഴി 50 മിനിറ്റും എടുക്കും.