പൊലീസ് ഡ്രൈവറാകാന്‍ യോഗ്യത നേടിയവരെക്കുറിച്ചുള്ള ഇന്റലിജന്‍സ് അന്വേഷണത്തില്‍ ലഭിച്ചത് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്; ഗതാഗത നിയമലംഘനങ്ങളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് ഇനി മുതല്‍ പൊലീസില്‍ നിയമനമില്ലെന്ന ചട്ടമൊരുങ്ങുന്നു
കോഴിക്കോട്: ഗതാഗതനിയമങ്ങള്‍ തുടര്‍ച്ചയായി ലംഘിച്ച് ശിക്ഷക്കപ്പെടുന്നവര്‍ക്ക് ഇനി മുതല്‍ പൊലീസില്‍ നിയമനം ലഭിക്കില്ല. പൊലീസ് ഡ്രൈവറായി യോഗ്യത നേടിയ 59 പേരെക്കുറിച്ച് ഇന്റലിജന്‍സ് അന്വേഷണം നടത്തിയിരുന്നു. മിക്കവരും മദ്യപിച്ചതിനും അമിതവേഗത്തില്‍ വാഹനമോടിച്ചതിനും ശിക്ഷപ്പെട്ടവരാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് തുടര്‍ച്ചയായി ഗതാഗത നിയമലംഘനങ്ങളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് പൊലീസില്‍ നിയമനമില്ലെന്ന തരത്തില്‍ ചട്ടം ഭേദഗതി ചെയ്യാനൊരുങ്ങുന്നത്. ചട്ടഭേദഗതിയെ കുറിച്ച് പഠിക്കാന്‍ ബറ്റാലിയന് എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചു.
ലിസ്റ്റിലെ 39 പേരും ഒന്നിലധികം തവണ മദ്യപിച്ച് വാഹനമോടിച്ചതിനും അമിത വേഗത്തില്‍ വാഹനമോടിച്ചതിനുമൊക്കെ പിഴയടിച്ചവരാണ്. ഇന്റലിജന്‍സ് മേധാവിയാണ് ഉദ്യോഗസ്ഥാര്‍ത്ഥികളുടെ ഒന്നിലധികമുള്ള നിയമ ലംഘനം ചൂണ്ടികാട്ടിയത്. പക്ഷെ മോട്ടോര്‍വാഹന നിയമ ലംഘനത്തിന് ശിക്ഷിച്ചാല്‍ നിയമനം നല്കാന് പാടില്ലെന്ന് കേരള പൊലീസ് നിയമത്തിന്റെ ചട്ടത്തില്‍ വ്യവസ്ഥയില്ല. അതിനാല്‍ ശിക്ഷക്കപ്പെട്ട പലര്‍ക്കും ഒഴിവുകളുടെ അടിസ്ഥാനത്തില്‍ നിയമനം ലഭിച്ചു.
ഗതാഗത നിയമ ലംഘനം നടത്തിയാല്‍ പിടിക്കേണ്ട പൊലീസുകാര്‍ തന്നെ ഇത്തരം നിയമലംഘകരാകുന്നത് ശരിയല്ലെന്നായിരുന്നു ഭൂരിപക്ഷം ഉന്നത ഉദ്യോഗസ്ഥരുടെയും അഭിപ്രായം. ഇത്തരത്തില്‍ മോട്ടോര്‍ നിയമം മൂന്നിലധികം പ്രാവശ്യം ലംഘിക്കുന്നവക്ക് നിയമനം നല്‍കരുതെന്ന് ഡിജിപി അനില്‍കാന്ത് നിര്‍ദ്ദേശിച്ചു.
ഇത്തരത്തിലുള്ള ചട്ട ഭേദഗതിയാക്കി ശുപാര്‍ശ സമര്‍പ്പിക്കാന്‍ ബറ്റാലിയന് എ.ഡി.ജി.പി കെ.പത്മകുമാറിന്റെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചു. സര്‍ക്കാരിനും പി.എസ്.എസിക്കും ചട്ടഭേഗതിക്കുള്ള ശുപാര്‍ശ സമിതി സമര്‍പ്പിക്കും. ഭേദഗതി സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ഇനിമുതല്‍ ഗതാഗതനിയമലംഘകര്‍ക്കും പൊലീസില്‍ ഡ്രൈവറായി നിയമനമുണ്ടാകില്ല.