പന്തലായനി കാട്ട് വയല്‍ റോഡില്‍ ബോക്‌സ് കള്‍വര്‍ട്ട് സ്ഥാപിക്കണമെന്ന ആവശ്യം ശക്തം; ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ച് ഗതാഗത സംരക്ഷണ കര്‍മ്മ സമിതി


കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി പന്തലായനി ഭാഗത്തെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ദേശീയ പാതക്ക് കുറുകെ കാട്ട് വയല്‍ റോഡില്‍ ബോക്‌സ് കള്‍വര്‍ട്ട് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട്
ജനകീയ പ്രതിഷേധ സംഗമം നടത്തി.

പന്തലായനി ഗതാഗത സംരക്ഷണ കര്‍മ്മ സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. പന്തലായനി പ്രദേശത്തെ വിദ്യാലയത്തിലേക്കും, താലൂക്ക് ആശുപത്രിയിലേക്കും റെയില്‍വേസ്റ്റേഷന്‍, പന്തലായനി ആഘോരശിവക്ഷേത്രം, മിനി സിവില്‍ സ്റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ബൈപ്പാസ് പണി പൂര്‍ത്തിയാകുന്നതോടെ സഞ്ചാരപാത നഷ്ടമാകും.

പന്തലായനിയിലെ മൂന്ന് റോഡുകള്‍ക്ക് കുറുകേയാണ് ബൈപ്പാസ് കടന്നുപോകുന്നത്. പന്തലായനി- വിയ്യൂര്‍ റോഡ്, കാട്ടുവയല്‍ റോഡ്, കോയാരിക്കുന്ന് റോഡ് എന്നിവയുടെ കുറുകേ ഏകദേശം ഏഴരമീറ്റര്‍ ഉയരത്തിലൂടെയാണ് ബൈപ്പാസ് പോകുന്നത്. ഇതുകാരണം ബൈപ്പാസിന്റെ ഇരുഭാഗത്തുമുള്ളവര്‍ക്ക് സര്‍വ്വീസ് റോഡില്‍ പ്രവേശിക്കുകയെന്നത് ബുദ്ധിമുട്ടാണ്.

ബൈപ്പാസിന്റെ കിഴക്ക് ഭാഗത്തുള്ളവര്‍ക്ക് പടിഞ്ഞാറ് ഭാഗത്ത് എത്താന്‍ കാട്ടുവയല്‍ റോഡില്‍ ഒരു ബോക്സ് കല്‍വര്‍ട്ട് സ്ഥാപിക്കണണെന്ന ആവശ്യമാണ് ഗതാഗത സംരക്ഷണ സമിതി മുന്നോട്ടുവെച്ചത്. എന്നാല്‍ ഇതിനെതിരെ തടസവാദങ്ങളുന്നയിക്കുകയാണ് ദേശീയപാത അതോറിറ്റി ചെയ്തത്. ഈ സാഹചര്യത്തിലാണ് ജനങ്ങള്‍ പ്രക്ഷോഭവുമായി രംഗത്തുവരുന്നത്.സമരത്തിന്റെ മുന്നോടിയായി കഴിഞ്ഞദിവസം പന്തലായനിയില്‍ സമരപ്പന്തല്‍ ജനകീയ സമിതി സ്ഥാപിച്ചിരുന്നു.

കൊയിലാണ്ടി മുന്‍ എം.എല്‍.എ കെ. ദാസന്‍ ഉദ്ഘാടനം ചെയ്തു. കര്‍മ്മസമിതി ചെയര്‍ പേഴ്‌സണ്‍ പ്രജിഷ കൗണ്‍സിലര്‍ അദ്ധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധകിഴക്കേപ്പാട്ട്, വൈസ് ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ , രത്‌നവല്ലി ടീച്ചര്‍, ടി.കെ ചന്ദ്രന്‍ മാസ്റ്റര്‍, അഡ്വ. വിജയന്‍, അഡ്വ: സുനില്‍ മോഹന്‍, ജയ് കിഷ് മാസ്റ്റര്‍, കബീര്‍ സലാല, പി.എം ബിജു, മോഹനന്‍, അഭില്‍ എന്നിവര്‍ സംസാരിച്ചു. മണിശങ്കര്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ജനറല്‍ കണ്‍വീനര്‍ പി. ചന്ദ്രശേഖരന്‍ സ്വാഗതവും ട്രഷറര്‍ മനോജ് നന്ദിയും പറഞ്ഞു.

പന്തലായനി നിവാസികളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയുള്ള ദേശീയപാത നിര്‍മ്മാണത്തിനെതിരെ ജനങ്ങള്‍ അണിനിരക്കുന്നു; ബോക്‌സ് കല്‍വര്‍ട്ട് അനുവദിക്കണമെന്ന ആവശ്യമുയര്‍ത്തി ജനകീയ പ്രതിഷേധ സംഗമം ജൂണ്‍ 30ന്