മാവോവാദികള്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ജനപ്രതിനിധികളെ താറടിച്ചുകാട്ടാന്‍ ശ്രമിക്കുന്നു; അമര്‍ച്ച ചെയ്യേണ്ടത് അനിവാര്യമെന്ന് ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ
പേരാമ്പ്ര: നാടിനു ഭീഷണി ഉയര്‍ത്തുന്ന മാവോവാദികളെ അമര്‍ച്ച ചെയ്യേണ്ടത് അനിവാര്യമെന്ന് ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ. പേരാമ്പ്രയില്‍ നടന്ന കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ പരിഗണനയില്‍പോലും വരാത്ത പയ്യാനിക്കോട്ട ഇരുമ്പയിര് ഖനനത്തിന്റെ പേരില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ജന നേതാക്കളെയും ജനപ്രതിനിധികളെയും താറടിക്കാനാണ് മാവോവാദികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പേരാമ്പ്ര എസ്റ്റേറ്റ് വനമേഖലയില്‍ മാവോവാദി സാന്നിധ്യം സമീപകാലത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റിന് സുരക്ഷയൊരുക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് എം.എല്‍.എയുടെ പ്രസ്താവന.
നിലവില്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പെരുവണ്ണാമൂഴി സ്റ്റേഷനുവേണ്ടി 50 സെന്റ് സ്ഥലം ജലസേചന വകുപ്പില്‍നിന്നു വിട്ടുകിട്ടിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന ഫണ്ട് ഉപയോഗിച്ച് കെട്ടിടം പണി ആരംഭിക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തുമെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.
പേരാമ്പ്ര പൊലീസ് സ്റ്റേഷന്‍ റോഡ് നവീകരിക്കാനാവശ്യമായ തുക എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ചതായും അദ്ദേഹം അറിയിച്ചു.
ജില്ല പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസ് മുഖ്യ പ്രഭാഷണവും വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടത്തി. കേരള പൊലീസ് അസോസിയേഷന്‍ ജില്ല പ്രസിഡന്റ് വി.പി.സുരേഷ് അധ്യക്ഷത വഹിച്ചു. എസ്.ആര്‍. ഷിനോദാസ് സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ട് കെ.കെ. ഗിരീഷും അവതരിപ്പിച്ചു. അഡി. എസ്.പി എം. പ്രദീപ് കുമാര്‍, വടകര ഡിവൈ.എസ്.പി കെ. അബ്ദുല്‍ ഷെരീഫ്, നാദാപുരം ഡിവൈ.എസ്.പി ടി.പി. ജേക്കബ്, അസോസിയേഷന്‍ ഭാരവാഹികളായ ഇ.വി. പ്രദീപന്‍, എ. വിജയന്‍, പി. രഗീഷ്, രജീഷ് ചെമേരി, ജി.പി. അഭിജിത്ത്, കെ.ജി. രജനി, എം. രഞ്ജിഷ്, പി.പി. സുനില്‍ എന്നിവര്‍ സംസാരിച്ചു.