ടി.പി ദാമോദരൻ മാസ്റ്ററുടെ ഓര്‍മകളില്‍ പൂക്കാട് കലാലയം; അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു


ചേമഞ്ചേരി: പൂക്കാട് കലാലയത്തിൻ്റെ ആദ്യകാല സാരഥികളിലൊരാളും കലാസാംസ്കാരിക പ്രവർത്തകനുമായ ടി.പി.ദാമോദരൻ മാസ്റ്ററെ പൂക്കാട് കലാലയം അനുസ്മരിച്ചു. പൂക്കാട് കലാലയം ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു.

കെ. ഭാസ്കരൻ അനുസ്മരണ ഭാഷണം നടത്തി. കലാസാംസ്കാരിക സാമൂഹ്യരംഗത്തെ പ്രശംസനീയ പ്രവർത്തനങ്ങൾക്കുള്ള കീർത്തിമുദ്രാ പുരസ്ക്കാരം സി.വി ബാലകൃഷ്ണൻ, പി.സുരേന്ദ്രൻ കീഴരിയൂർ എന്നിവർക്ക് പുരസ്കാരവും പ്രശസ്തിപത്രവും ശിവദാസ് ചേമഞ്ചേരി സമർപ്പിച്ചു.

ചേമഞ്ചേരി പഞ്ചായത്തിലെ സ്ക്കൂളുകളിൽ നിന്നും തെരഞ്ഞെടുത്ത കുട്ടികൾക്കുള്ള പ്രചോദനമുദ്രാ പുരസ്ക്കാരവും പ്രശ്നോത്തരി, പ്രസംഗ മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും പന്തലായനി ബി.പി.സി ദീപ്തി ഇ.പി വിതരണം ചെയ്തു. കെ.പി ഉണ്ണിഗോപാലൻ മാസ്റ്റർ പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി.

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ ടി ആശംസകൾ നേർന്നു. യു.കെ രാഘവൻ്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ സുനിൽ തിരുവങ്ങൂർ, ശിവദാസ് കാരോളി, സി.വി ബാലകൃഷ്ണൻ, പി.സുരേന്ദ്രൻ എന്നിവർ എന്നിവർ സംസാരിച്ചു.