ടിപി കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കം; ശുപാർശ ചെയ്ത മൂന്ന് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ


തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ ശുപാ‍ർശ ചെയ്ത മൂന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ എസ് ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-I ബി ജി അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ വി രഘുനാഥ് എന്നിവരെയാണ് അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യാന്‍ ഉത്തരവിട്ടത്.

കേസിലെ ശിക്ഷാ ഇളവില്‍ പ്രതിപക്ഷം നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പാണ് സര്‍ക്കാരിന്റെ തീരുമാനം. വിഷയത്തില്‍ കെ.കെ രമ എം.എൽ.എ കഴിഞ്ഞ ദിവസം നിയമസഭയിൽ അടിയന്തിര പ്രമേയ നോട്ടീസ് അവതിരിപ്പിക്കാന്‍ അനുമതി തേടിയിരുന്നു. ശിക്ഷാ ഇളവിന് നീക്കമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ അനുമതി നിഷേധിച്ചിരുന്നു.

ജൂണ്‍ മാസത്തിലാണ് ടിപി വധക്കേസ് പ്രതികളായ മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, ടി.കെ. രജീഷ് എന്നിവര്‍ക്ക്‌ ശിക്ഷാ ഇളവ് നല്‍കാനുള്ള നീക്കം നടത്തിയത്. കേസിലെ നാല്, അഞ്ച്, ആറ് പ്രതികളാണ് ഇവര്‍. ജൂണ്‍ 13നാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട്, സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കത്തയച്ചത്. എന്നാല്‍ പ്രതികൾക്ക് ശിക്ഷയിൽ ഇളവ് നൽകാനുള്ള നീക്കത്തിന് പിന്നാലെ കണ്ണൂർ ജയിൽ സൂപ്രണ്ടിനോട് ജയിൽ ഡി.ജി.പി. വിശദീകരണം തേടിയിരുന്നു.