മൂടല്‍ മഞ്ഞില്‍ കക്കയം ഡാമിൽ കുടുങ്ങി വിനോദ സഞ്ചാരികൾ; 2മണിക്കൂറോളം നീണ്ട ആശങ്ക, ഒടുവില്‍ ആശ്വാസം


കൂരാച്ചുണ്ട്: കക്കയം ഡാമില്‍ ബോട്ടിങ്ങ് നടത്തിയ വിനോദ സഞ്ചാരികള്‍ മൂടല്‍ മഞ്ഞില്‍ കുടുങ്ങിയത് ഭീതി പരത്തി. കഴിഞ്ഞ ദിവസമാണ് സംഭവം. കണ്ണൂരില്‍ നിന്നും എത്തിയ 20അംഗം സംഘത്തിലെ അഞ്ച് പേരാണ് മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഡാമില്‍ ഒറ്റപ്പെട്ടുപോയത്.

15 മിനിറ്റാണ് ഡാമിലെ സ്പീഡ് ബോട്ടിന്റെ സര്‍വ്വീസ് സമയം. ഇതുപ്രകാരം 11.20ന് പുറപ്പെട്ട സംഘത്തെ മണിക്കൂറുകളോളം കാണാതായതോടെ മാതാപിതാക്കള്‍ ആശങ്കയിലായി.

തുടര്‍ന്ന് ഡാം സേഫ്റ്റി ജീവനക്കാര്‍ കൊട്ടതോണിയില്‍ പോയി നടത്തിയ തിരച്ചിലിലാണ് ബോട്ട് കണ്ടെത്തിയത്. തുടര്‍ന്ന് ഇവരുടെ സഹായത്താല്‍ ബോട്ട് കരയ്ക്ക് എത്തിക്കുകയായിരുന്നു. ഏതാണ്ട് 2മണിക്കൂര്‍ കഴിഞ്ഞാണ് അഞ്ചംഗ സംഘം തിരിച്ചെത്തിയത്.

ഡാമിലെ ബോട്ട് സര്‍വ്വീസിന് സുരക്ഷആ സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് സഞ്ചാരികള്‍ പറയുന്നത്. മാത്രമല്ല മൂടല്‍ മഞ്ഞിനെ പ്രതിരോധിക്കാന്‍ ഫോഗ് ലൈറ്റ്, വോട്ടി ടോക്കി പോലുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് ആക്ഷേപം.