ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് യഥാസമയം പുതുക്കിയില്ലെങ്കില്‍ പിഴ വീഴും; മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ വിഭാഗം


കോഴിക്കോട്: ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ ലൈസന്‍സ് യഥാസമയം പുതുക്കണമെന്ന നിര്‍ദ്ദേശവുമായി ഭക്ഷ്യ സുരക്ഷാ വിഭാഗം. നിലവില്‍ ലൈസന്‍സ് എടുക്കാതെ ഒരു സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതി ഇല്ല. ലൈസന്‍സ് കാലാവധി കഴിയുന്ന മുറയ്ക്കു തന്നെ പുതിയ ലൈസന്‍സ് എടുക്കേണ്ടതാണ്.

കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ ലൈസന്‍സ് ഇല്ലാത്തതും പുതുക്കാത്തതുമായ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.

കാലാവധി അവസാനിച്ച ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് 90 ദിവസം വരെ ലൈസന്‍സ് ഫീസിന്റെ 3 ഇരട്ടിയും 180 ദിവസം വരെ അഞ്ച് ഇരട്ടിയും പിഴത്തുക അടച്ച് പുതുക്കേണ്ടതായി വരുന്നതാണ്.