രണ്ട് വര്‍ഷം നീണ്ട തിക്കോടിയിലെ സംയുക്തസമര സമിതിയുടെ പോരാട്ടം; തിക്കോടിയിലെ അടിപ്പാത സമരം വിജയപ്രതീക്ഷയിലേക്ക്
തിക്കോടി: തിക്കോടി ടൗണില്‍ അടിപ്പാത അനുവദിക്കുന്നതിനായി ബന്ധപ്പെട്ട സമരം വിജയപ്രതീക്ഷയിലേയ്ക്ക് നീങ്ങുന്നു.
അടിപ്പാത അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് വര്‍ഷമായി സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ശക്തമായ സമരം നടന്നുവരികയായിരുന്നു.
സമരത്തിന്റെ പശ്ചാത്തലത്തില്‍ കാനത്തില്‍ ജമീല എം.എല്‍.എയുടെ നേതൃത്വത്തില്‍ സപ്തംബര്‍ 29 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. തുടര്ർന്ന് പൊതുമരാമത്ത് മന്ത്രിയുടെ സെക്രട്ടറി ബിജു പ്രഭാകരര്‍ ഐ.എ.എസ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി വിളിച്ച യോഗത്തില്‍ പങ്കെടുക്കുകയും ഈ വിഷയം ഗൗരവമായി അവതരിപ്പിക്കുകയും ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ തിക്കോടിയിലോ തിക്കോടി പൂവെടിത്തറയ്ക്ക് സമീപമോ ഒരു ബോക്‌സ് ടൈപ്പ് അണ്ടര്‍പാസ് നിര്‍മ്മിക്കാമെന്ന് പരിഗണനയിലെത്തിയിരിക്കുന്നതായി മന്ത്രി മുഹമ്മദ് റിയാസിന്റെ ഓഫീസില്‍ നിന്നും വിവരം ലഭിച്ചതായി സമരത്തിന് നേതൃത്വം നല്‍കിയവര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
Also read
നിരാഹാര സമരമുള്‍പ്പെടെയുള്ള സമരത്തിന്റെയും എം.എം.എല്‍.എ യുടെയും മന്ത്രി മുഹമ്മദ് റിയാസിന്റെയും രാഷ്ട്രീയ ഇടപെടലിന്റെയും ഭാഗമായി തിക്കോടി ടൗണിലെ അടിപ്പാത്ര സമരം വിജയ പ്രതീക്ഷയിലേക്ക് നീങ്ങുകയാണ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ല.
അടിപ്പാതയുമായി ബന്ധപ്പെട്ട് നിരന്തരം സമരങ്ങള്‍ തിക്കോടിയില്‍ സംയുക്തസമര സമതി നടത്തിയിരുന്നു. കൂടാതെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സമരത്തിന്റെ ഭാഗമായിരുന്നു. സെപ്റ്റംബര്‍ 10ന് തിക്കോടിയില്‍ അടിപ്പാതയ്ക്കുവേണ്ടി സമരം ചെയ്യുന്ന ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ ദേശീയപാത നിര്‍മ്മാണ പ്രവൃത്തി പുനരാരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിച്ചത് സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു.
ജെ.സി.ബി ഉപയോഗിച്ച് റോഡ് പ്രവൃത്തി തുടങ്ങിയതോടെ സമരക്കാര്‍ മുദ്രാവാക്യം വിളിക്കുകയും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിക്കുകയുമായിരുന്നു. ഇവര്‍ക്കെതിരെ പോലീസ് അക്രമമഴിച്ചിവിടുകയും സമരപ്പന്തല്‍ പൊളിച്ചുമാറ്റുകയും ചെയ്തിരുന്നു. സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.വിശ്വന്‍, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍, പ്രദേശവാസികള്‍ എന്നിങ്ങനെ നിരവധി പേര്‍ക്ക് പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേല്‍ക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
സംഭവത്തില്‍ പ്രതിഷേധവുമായി കൊയിലാണ്ടി സ്റ്റേഷനില്‍ ഷാഫി പറമ്പില്‍ എം.പി. എത്തുകയും ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തതില്‍ പോലീസുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടിരുന്നു.