താരനെ നിസാരമായി കാണേല്ല, പണി കിട്ടും! ഇതാ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന എളുപ്പവഴികള്‍
മുടികൊഴിച്ചിലും ചൊറിച്ചിലും സഹിക്കാന്‍ ആവാതെ വരുമ്പോഴാണ് പലരും താരനെക്കുറിച്ച് സീരിയസായി സംസാരിക്കുന്നത്. എന്നാല്‍ താരന്‍ ആള് നിസാരക്കാരനല്ല. ഒരിക്കല്‍ വന്നാല്‍ വീണ്ടും വീണ്ടും ആളുകളെ ബുദ്ധിമുട്ടിക്കുന്ന വില്ലന്‍ തന്നെയാണ് താരന്‍.
തലയിലെ വെളുത്ത പൊടി, തലയിലെ ചൊറിച്ചില്‍, മുടി കൊഴിച്ചില്‍ ഇവ തന്നെയാണ് താരന്റെ പ്രധാന ലക്ഷണങ്ങള്‍. ചൊറിച്ചില്‍ അസഹ്യമായാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണേണ്ടതാണ്. അതല്ലെങ്കില്‍ മുഖം, പുറം, കക്ഷം തുടങ്ങിയ ശരീരഭാഗങ്ങളിലേക്കും ചൊറിച്ചില്‍ വ്യാപിക്കാം.
എന്നാല്‍ തുടക്കം മുതല്‍ മുടിയെ സംരക്ഷിച്ചാല്‍ താരനെ ഒരു പരിധിവരെ നമുക്ക് പ്രതിരോധിക്കാന്‍ സാധിക്കും. അത്തരത്തില്‍ ചിലവ് കുറഞ്ഞ, വീട്ടില്‍ തന്നെ പരീക്ഷിക്കാന്‍ പറ്റുന്ന ചില എളുപ്പവഴികളിതാ.
വെളിച്ചെണ്ണ
താരൻ അകറ്റാൻ സഹായിക്കുന്ന മികച്ചതാണ് വെളിച്ചെണ്ണ. എന്നാല്‍ തോന്നിയപോലെ വെളിച്ചെണ്ണ തേക്കാനും പാടില്ല. ആദ്യം ഷാംപൂ തേച്ച് തല കഴുകണം. ശ്രദ്ധിക്കുക ഇതിന് ശേഷം കണ്ടീഷണർ ഉപയോഗിക്കരുത്. വീതിയുള്ള പല്ലുകളുള്ള ചീപ്പ് ഉപയോഗിച്ച്, മുടി നനവോടെ വിടർത്തുക. തുടർന്ന് വെളിച്ചെണ്ണ തലയോട്ടിയിൽ തേച്ച് മസാജ് ചെയ്യുക. ചൂടുള്ള ഒരു ടവൽ ഉപയോഗിച്ച് മുടി പൊതിയുക. തലയോട്ടിക്ക് ചുറ്റും ചൂടു കൂട്ടാനാണിത്. അരമണിക്കൂറിനു ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. പൂർണമായും എണ്ണമയം നീക്കം ചെയ്യുക. ഇങ്ങനെ ആഴ്ചയില്‍ രണ്ട് വട്ടം ചെയ്യുന്നത് താരന്‍ അകറ്റാന്‍ സഹായിക്കും.
കീഴാർനെല്ലി
കീഴാർനെല്ലി ചതച്ച് താളിയാക്കി കുളിക്കുന്നതിനുമുൻപ് ദിവസവും ഉപയോഗിക്കുക. സ്ഥിരമായി ഇതു ചെയ്യുകയാണെങ്കിൽ താരൻ പൂർണമായും ഇല്ലാതാകുമെന്നു മാത്രമല്ല മുടി തഴച്ചു വളരുകയും ചെയ്യും.
ചെറുനാരങ്ങ
ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ഏറെ ഉപയോഗപ്രദമായ ഒന്നാണ് ചെറുനാരങ്ങ. ഒരു ടേബിൾ സ്പൂൺ നാരങ്ങാനീര് ഒരു കപ്പു വെള്ളത്തിൽ ചേർത്ത് തലയിൽ തേച്ച് കഴുകുക. ഇത്തരത്തില്‍ ദിവസവും ചെയ്താല്‍ താരന്‍ വരുന്നത് ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സാധിക്കും.
കറ്റാര്‍വാഴയുടെ നീര്
വീടുകളില്‍ സുലഭമായി ലഭിക്കുന്ന കറ്റാര്‍വാഴയുടെ നീര് മുടിവളരാനും താരന്‍ മാറാനും ഏറെ സഹായകരമാകും. എണ്ണമയം നീക്കം ചെയ്ത് ശേഷം തലയോട്ടിയില്‍ കറ്റാര്‍വാഴയുടെ നീര് നന്നായി തേച്ച്പിടിപ്പിച്ച് നന്നായി മസാജ് ചെയ്യുക. ശേഷം കഴുകി കളയുക.
ഉലുവ
ഒരു കപ്പ് വെള്ളത്തിൽ കുതിർത്ത ഉലുവ അരച്ചെടുത്ത് രണ്ടുകപ്പ് വെളിച്ചെണ്ണയിൽ ചേർത്ത് കാച്ചി പതിവായി കുളിക്കുന്നതിനു മുൻപായി ഉപയോഗിക്കുക. താരൻ ക്രമേണ മാറികിട്ടും.
ചെമ്പരത്തി
ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം തല ചെമ്പരത്തിത്താളി തേച്ച് കഴുകുന്നതു താരനെ പ്രതിരോധിക്കും. മാത്രമല്ല എണ്ണ ഉണ്ടാക്കുമ്പോള്‍ ചെമ്പരത്തിയിലയും ഉപയോഗിക്കാവുന്നതാണ്.
Description: Here are some easy ways to prevent dandruff