അഞ്ച് മിനിറ്റ് വൈകിയിരുന്നെങ്കില്‍…. നടക്കാവ് പൊലീസിന്റെ സമയോചിത ഇടപെടല്‍, കോഴിക്കോട് എമറാള്‍ഡ് മാളിലെ ജീവനക്കാരന് പുതുജീവന്‍


കോഴിക്കോട്: നടക്കാവ് പൊലീസിന്റെ സമയോചിത ഇടപെടല്‍ കോഴിക്കോട് ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശിയെ ആത്മഹത്യയില്‍ നിന്നും പുതുജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. എമറാള്‍ഡ് മാളില്‍ ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശിയെ കാണാനില്ലയെന്ന് ഇന്ന് പുലര്‍ച്ചെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

നിരവധി ലോഡ്ജുകളിലെ പരിശോധനയ്ക്ക് ഒടുവില്‍ കുതിരവട്ടത്തുള്ള മൈലമ്പാടി അറ്റ്‌മോസ് ലോഡ്ജ് റിസപ്ഷനില്‍ ഫോട്ടോ കാണിച്ചപ്പോള്‍ കാണാതായ വ്യക്തി ഇവിടെ മുറിയെടുത്തിട്ടുണ്ടെന്ന് വ്യക്തമായി. മുറിയിലേക്ക് എത്തിയപ്പോള്‍ മുറി അടച്ചിട്ടിരുന്നു. ഇത് ചവിട്ടിത്തുറന്ന് അകത്ത് പ്രവേശിച്ചപ്പോള്‍ ആത്മഹത്യ ചെയ്യുന്നതിനായി കയര്‍ കുരുക്കിയിട്ട നിലയിലായിരുന്നു. തുടര്‍ന്ന് ഇയാളെ പൊലീസുകാര്‍ ആശ്വസിപ്പിക്കുകയും ബന്ധുക്കളെ ഏല്‍പ്പിക്കുകയുമായിരുന്നു.

നടക്കാവ് പോലീസ് സ്റ്റേഷനിലെ എസ്.ഐ.ലീല, എസ്.സി.പി.ഓമാരായ അനീഷ് ബാബു, അബ്ദുല്‍ സമദ്, ഷജല്‍ ഇഗ്‌നേഷ്യസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പുലര്‍ച്ചെ 5:40ന് രജിസ്റ്റര്‍ ചെയ്ത് കേസില്‍ വെറും അഞ്ചു മണിക്കൂര്‍ കൊണ്ട്, 10.45ന് കാണാതായ വ്യക്തിയെ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കി. സ്റ്റേഷനില്‍ എത്തിച്ച ജാസിമിനെ സുഹൃത്തുക്കളോടും ഫാമിലിയോടും കൂടെ വിട്ടയച്ചു.

Summary: Timely intervention of Nadakavan Police, a new life for the employee of Kozhikode Emerald Mall