അത്തോളിയ്ക്ക് പിന്നാലെ കൂമുള്ളിയില്‍ ജനവാസ മേഖലയില്‍ കണ്ടത് കടുവയെന്ന് സംശയം; വിദ്യാര്‍ഥി പകര്‍ത്തിയ ഫോട്ടോ പരിശോധിച്ച് വനംവകുപ്പ് അധികൃതര്‍


അത്തോളി: അത്തോളി കൂമുള്ളിയില്‍ ജനവാസ മേഖലയില്‍ കടുവയെ കണ്ടതായി സംശയം. ഇന്നലെ രാത്രിയാണ് വന്യജീവിയെ വിദ്യാര്‍ത്ഥി കണ്ടത്. വിദ്യാര്‍ഥി മൊബൈലില്‍ ഇതിന്റെ ചിത്രം പകര്‍ത്തുകയും ചെയ്തിരുന്നു. ഇത് പരിശോധിച്ച വനപാലര്‍ക്കും ജീവി കടുവ തന്നെയാണോയെന്ന സംശയമുണ്ട്.

നാട്ടുകാര്‍ വിവരമറിയിച്ചതോടെ കക്കയം, പെരുവണാമുഴി ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥരും ആര്‍ആര്‍ടി സംഘവും പ്രദേശത്ത് വിശദമായി പരിശോധന നടത്തി. കടുവയുടേതെന്ന് കരുതുന്ന അടയാളങ്ങള്‍ കണ്ടെത്താനായിട്ടില്ല. എന്നാല്‍ കടുവ അല്ലെന്ന് ഉറപ്പിക്കാനും വനംവകുപ്പ് അധികൃതര്‍ തയ്യാറായിട്ടില്ല.

കൂമല്ലൂരില്‍ ഗിരീഷ് പുത്തഞ്ചേരി റോഡിന് സമീപം ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ജീവിയെ കണ്ടത്. തോട്ടത്തില്‍ സെയ്ദിന്റെ വീടിന് മുന്നില്‍ കടുവയെപ്പോലുള്ള ജീവി നില്‍ക്കുന്നതാണ് കണ്ടത്. ഭയന്ന് അകത്തേക്ക് ഓടുന്നതിനിടെയാണ് സൂരജ് ചിത്രം പകര്‍ത്തിയത്.

ഇതിന് സമീപത്ത് വേളൂരിലാണ് ഞായറാഴ്ച കടുവയെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടതായി വീട്ടമ്മ പറഞ്ഞത്. എന്നാല്‍ ഇവിടെ നടത്തിയ പരിശോധനയില്‍ കണ്ടത് വന്യജീവി അല്ലെന്നായിരുന്നു വനംവകുപ്പ് അധികൃതരുടെ വിശദീകരണം.

Summary: A tiger is suspected to have been spotted in a residential area in Atholi Koomulli. The student saw the wild animal last night. The student had taken a picture of it on his mobile phone. The forest rangers who checked it also doubted whether the creature was a tiger