കക്കയം വനത്തില്‍ കടുവയുണ്ടെന്ന് സംശയം



കക്കയം:
മലബാര്‍ വന്യജീവി സങ്കേതത്തില്‍ കടുവയുടെ സാന്നിധ്യമുണ്ടെന്ന് സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ച് വനം വകുപ്പ്. ‘വന്യമൃഗങ്ങള്‍ കടന്നുപോകാനിടയുളള മേഖല, പതുക്കെ പോവുകയെന്ന മുന്നറിയിപ്പോടെ കടുവയുടെ ചിത്രമുള്ള ബോര്‍ഡാണ് സ്ഥാപിച്ചത്. ഡാം സൈറ്റ് റോഡിലാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.

ഏപ്രില്‍ 18ന് കക്കയം വനമേഖലയുടെ അതിര്‍ത്തി പ്രദേശമായ തലയാട് ചേമ്പുകര പുല്ലുമലയില്‍ പ്രദേശവാസിയായ ജോസില്‍ പി. ജോണ്‍ റബര്‍ തോട്ടത്തില്‍, കടുവയെ നേരിട്ടുകണ്ടതായി അറിയിച്ചതോടെയാണ് നാട്ടുകാര്‍ ആശങ്കയിലായത്. ഇവിടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കടുവയുടേതെന്ന് സംശയിക്കുന്ന കാല്‍പാടുകളും കണ്ടെത്തിയിരുന്നു. വനം വകുപ്പ് പ്രദേശത്ത് ക്യാമറ സ്ഥാപിച്ചെങ്കിലും അടുത്ത ദിവസം തന്നെ എടുത്തുമാറ്റുകയും ചെയ്തു. കാമറയില്‍ കാട്ടുപന്നി മാത്രമാണ് പതിഞ്ഞിട്ടുള്ളത്.

22ന് തലയാട് പടിക്കല്‍വയല്‍ തുവ്വക്കടവ് പാലത്തിനടുത്ത് സഹദും രാത്രി കടുവയെ കണ്ടതായി അറിയിച്ചു. പിറ്റേന്നുതന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചെങ്കിലും കല്പാടുകള്‍ ഏത് മൃഗത്തിന്റേതാണെന്ന് കണ്ടെത്താനായില്ല. പ്രദേശത്ത് കടവയുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാര്‍ ഭയപ്പെടുന്നുണ്ടെങ്കിലും വനംവകുപ്പ് ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ശാസ്ത്രീയ പരിശോധന നടത്തി പ്രദേശത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


[bot1]