ബാലുശ്ശേരി തലയാട് പടിക്കല്‍ വയലില്‍ കടുവയെ കണ്ടതായി യുവാവ്; ആശങ്കയോടെ നാട്


ബാലുശ്ശേരി: തലയാട് പടിക്കല്‍ വയലില്‍ കടുവയെ കണ്ടതായി യുവാവ്. പ്രദേശവാസിയായ സഹദ് എന്ന യുവാവാണ് അര്‍ധരാത്രിയോട് കൂടി കടുവയെ നേരിട്ട് കണ്ടതായി അറിയിച്ചത്. താമരശ്ശേരിയിലെ തുണിക്കടയിലെ ജീവനക്കാരനായ സഹദ് ബൈക്കില്‍ സുഹൃത്തിനെ വീട്ടിലിറക്കി തിരിച്ചു വരുന്ന വഴിയാണ് പടിക്കല്‍വയല്‍ തൂവ്വക്കടവ് പാലത്തിന് സമീപം കടുവയെ കണ്ടതായി പറഞ്ഞത്.

ബൈക്കിന്റെ ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തില്‍ കടുവയെ താന്‍ വ്യക്തമായി കണ്ടതായി സഹദ് പറയുന്നു. മുന്നില്‍ കണ്ട ജീവി കടുവയാണെന്ന് തിരിച്ചറിഞ്ഞതോടെ ഭയന്നു പോയ താന്‍ ബൈക്ക് തിരിച്ച് തൊട്ടടുത്തുള്ള അബ്ദുള്‍ റഹ്മാന്റെ വീട്ടിലേക്ക് കയറുകയായിരുന്നുവെന്നും സഹദ് പറഞ്ഞു. കടുവ ഏത് ഭാഗത്തേക്കാണ് പോയതെന്ന് അറിയാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അബ്ദുള്‍ റഹ്മാന്റെ വീട്ടില്‍ നിന്ന് ഏറെ നേരം കഴിഞ്ഞാണ് സഹദ് സ്വന്തം വീട്ടിലേക്ക് പോയത്.

താമരശ്ശേരി വനം വകുപ്പ് ഓഫീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ശനിയാഴ്ച രാവിലെ സ്ഥലത്തെത്തി പരിശോധന നടത്തി. കടുവയുടേതെന്ന് സംശയിക്കുന്ന വ്യക്തമല്ലാത്ത കാല്‍പാടുകള്‍ കണ്ടതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മഴ പെയ്തതിനാല്‍ കാല്‍പാടുകള്‍ ഭാഗികമായി മാഞ്ഞുപോയിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച തലയാട് ചെമ്പുക്കര പുല്ലുമലയില്‍ കടുവയുടെ സാന്നിധ്യം കണ്ടതായി പ്രദേശവാസിയായ അധ്യാപകന്‍ ജോസില്‍ പി.ജോണ്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് പുല്ലുമല റബ്ബര്‍ തോട്ടത്തില്‍ വനം വകുപ്പ് നിരീക്ഷണ കാമറയും സ്ഥാപിച്ചിരുന്നു. ക്യാമറ വ്യാഴാഴ്ചയാണ് എടുത്തുമാറ്റിയത്. കാമറയില്‍ കാട്ടുപന്നിയുടെ ചിത്രം മാത്രമാണ് പതിഞ്ഞത്.