നാശം വിതച്ച് ഇടിമിന്നല്‍; കൊയിലാണ്ടി കളത്തില്‍ക്കടവ്, വിയ്യൂര്‍ ഭാഗങ്ങളില്‍ വീടുകള്‍ക്ക് നാശനഷ്ടം, കളത്തില്‍ക്കടവില്‍ തെങ്ങ് കത്തി
കൊയിലാണ്ടി: ഇന്നലെയുണ്ടായ ശക്തമായ ഇടിമിന്നലില്‍ കൊയിലാണ്ടി കളത്തിക്കടവ്, വിയ്യൂര്‍ ഭാഗങ്ങളിലെ വീടുകളില്‍ നാശനഷ്ടം. രാത്രി 8മണിയോടെയുണ്ടായ ഇടിമിന്നലില്‍ കളത്തില്‍ക്കടവ് വിയ്യൂര്കോരംങ്കയില് നാരായണന്റെ വീട്ടിലെ ഗൃഹോപകരണങ്ങള്‍ക്കും വീടിനും കേടുപാടുകള്‍ സംഭവിച്ചു. കൂടാതെ വീട്ടുപറമ്പിലെ തെങ്ങ് കത്തിനശിക്കുകയും ചെയ്തു.
അപകട സമയത്ത് വീട്ടില്‍ ആളുകളുണ്ടായിരുന്നെങ്കിലും ആര്‍ക്കും അപായമില്ല. മഴയും ഇടിയും വന്നതോടെ വീട്ടുകാരെല്ലാം ഒരു മുറിയില്‍ തന്നെ ഇരിക്കുകയായിരുന്നു. വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ ലിന്‍സി വീട് സന്ദര്‍ശിച്ചു.
വിയ്യൂരില്‍ നാല് വീടുകളിലെ ഉപകരണങ്ങളാണ് ഇടിമിന്നലില്‍ തകര്‍ന്നത്. പുളിക്കൂല്ക്കുനി പുഷ്കരന്, കൊക്കവയലില്‍ രമേശന്, കുരുടികാഞ്ഞിരനിലത്ത് നാരായണി, ചെമ്പില്‍ മുരളി എന്നിവരുടെ വീട്ടിലെ ടിവി, ഫ്രിഡ്ജ് തുടങ്ങിയ ഗൃഹോപകരണങ്ങളെല്ലാം കത്തി നശിച്ചിട്ടുണ്ട്.