ഒരുകാലത്തെ ശുദ്ധജല തടാകം; ഇന്ന് ഒഴുക്ക് നിലച്ച് ചെളിയും പായലും നിറഞ്ഞ നിലയില്‍: ചെറു പുഴ വീണ്ടെടുക്കാന്‍ സമഗ്രപദ്ധതി നടപ്പാക്കണമെന്ന് തുമ്പ പരിസ്ഥിതി സമിതി
കൊയിലാണ്ടി: ഒഴുക്ക് നിലച്ച് ചെളിയും പായലും മൂടിക്കിടക്കുന്ന കീഴരിയൂര്‍ ഗ്രാമ പഞ്ചായത്തിലെ ചെറുപുഴയെ വീണ്ടെടുക്കാന്‍ സമഗ്ര പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കണമെന്ന് കീഴരിയൂര്‍ തുമ്പ പരിസ്ഥിതി സമിതി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പരിസ്ഥിതി സമിതി പ്രവര്‍ത്തകര്‍ പഞ്ചായത്ത് അധികൃതര്‍ക്ക് സമര്‍പ്പിച്ചു.
രണ്ട് കൈവഴികളുമായി അകലാപ്പുഴയോട് ചേര്‍ന്ന് ഒഴുകിയിരുന്ന ഈ ശുദ്ധജല തടാകം ഇപ്പോള്‍ നിലനില്‍പ് ഭീഷണി നേരിടുകയാണ്. നേരത്തെ മണല്‍ നിറഞ്ഞ അടിത്തട്ടോട് കൂടി തെളിനീര്‍ ഒഴുകിയിരുന്ന ചെറുപുഴ മത്സ്യസമ്പത്തിനാലും സമൃദ്ധ മായിരുന്നു. പുഴയുടെ ഒരുഭാഗത്ത് നെല്‍കൃഷി വികസനത്തിനായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിപുലമായ ശ്രമങ്ങള്‍ മുന്‍കാലങ്ങളില്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ പ്രതീക്ഷിച്ചത്ര ഉല്‍പ്പാദനം ഉണ്ടായിട്ടില്ല. സര്‍ക്കാരിന്റെ സഹായ പദ്ധതികള്‍ കൊണ്ടു മാത്രമാണ് കര്‍ഷകര്‍ നഷ്ടമില്ലാതെ കൃഷി മുന്നോട്ട് കൊണ്ടുപോകുന്നത്. വെള്ളം കയറി കൃഷി നശിക്കുന്നതും പതിവാണ്. ഒരേ സമയം നെല്‍കൃഷി വികസനവും ശുദ്ധ ജല സംരക്ഷണവും വേണമെന്നാണ് ആവശ്യം. പഠന റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്.
ചെറുപുഴയെ അകലാപ്പുഴയുമായി ബന്ധിപ്പിക്കുന്ന കൈവഴികളായ മുറിച്ചു നടക്കല്‍, ചിറ്റടിത്തോട് എന്നിവിടങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് ആഴവും വീതിയും വര്‍ധിപ്പിക്കുക, അകലാപ്പുഴയിലേക്കുള്ള നീരൊഴുക്ക് പഴയ പോലെ പുനസ്ഥാപിക്കുക, മതുമ്മല്‍ ബണ്ടിന്റെ നടക്കല്‍ വരെ നീളുന്ന തെക്ക് ഭാഗം ശുദ്ധജല തടാകമായി നിലനിര്‍ത്തുക, ഇവിടത്തെ ചെളിയും പായലും കാടുകളും നീക്കം ചെയ്യുക സ്വകാര്യ വ്യക്തി മത്സ്യ കൃഷിക്ക് എന്ന പേരില്‍ ഉണ്ടാക്കിയ വരമ്പും മതുമ്മല്‍ പാലം പണിത സമയത്ത് പുഴയില്‍ നിക്ഷേപിക്കപ്പെട്ട മണ്ണും നീക്കം ചെയ്യുക തുടങ്ങിയവയാണ് ചെറുപുഴ വീണ്ടെടുക്കാന്‍ തുമ്പ പരിസ്ഥിതി സമിതി മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍.
പുഴയുടെ പല ഭാഗങ്ങളും കയ്യേറ്റത്തിന് വിധേയമായിട്ടുണ്ട്.റവന്യു രേഖകളുടെ അടിസ്ഥാനത്തില്‍ റീസര്‍വ്വേ നടത്തുക, അതിരുകള്‍ പുനര്‍നിര്‍ണ്ണയിച്ച് അരികുകളില്‍ കണ്ടല്‍ക്കാട് വെച്ചു പിടിപ്പിക്കണം. മതുമ്മല്‍ ബണ്ടിനോട് ചേര്‍ന്ന് നിര്‍മ്മിച്ച പാലം അപകടാവസ്ഥയില്‍ ആണ്. അത് വി.സി.ബി സൗകര്യത്തോടെ വീതി കൂട്ടി പുതുക്കി പണിയണം.
പഠന സംഘത്തിന് സായ് പ്രകാശ് എന്‍.കെ.ദിനീഷ് ബേബി കബനി, ശ്രീനിവാസന്‍.യു, കെ.എം.സുരേഷ് ബാബു, തെക്കേ മതുമ്മല്‍ സതീശന്‍, സംഗീത സി.പി എന്നിവര്‍ നേതൃത്വം നല്‍കി.