മാലിന്യം വലിച്ചെറിഞ്ഞാലും കത്തിച്ചാലും ഇനി ഇരട്ടിപ്പണി; തത്സമയ പിഴയായി അയ്യായിരം രൂപ, ഓര്‍ഡിനന്‍സ് പുറത്തിറക്കി സര്‍ക്കാര്‍
കോഴിക്കോട്: അലക്ഷ്യമായി മാലിന്യം വലിച്ചെറിഞ്ഞാല്‍ അയ്യായിരം രൂപയും ഒരു വര്‍ഷം തടവും നല്‍കാന്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കി. മാലിന്യമുക്തം ക്യാംപെയിന്റെ ഭാഗമായിട്ടാണ് പുതിയ ഓര്‍ഡിനന്‍സ് ഇറക്കിയിരിക്കുന്നത്.
മുനിസിപ്പാലിറ്റി പഞ്ചായത്തീരാജ് നിയമങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയിരിക്കുന്നത്.
ഇതു പ്രകാരം മാലിന്യം വലി ച്ചെറിയുന്നതിനെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് ചുമത്താവുന്ന തത്സമയ പിഴത്തുക 5000 രൂപയാക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങള്‍ക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷ 50,000 രൂപ പിഴയും ഒരു വര്‍ഷം വരെ തടവും ആക്കിയിട്ടുണ്ട്.
ഏതെങ്കിലും മാലിന്യ ഉത്പാദകന്‍ യൂസര്‍ ഫീ നല്‍കുന്ന കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍, പ്രതിമാസം അമ്പത്ശതമാനം പിഴയോടു കൂടി പൊതുനികുതി കുടിശ്ശികയായി ഈടാക്കാവുന്നതാണെന്ന് ഓര്‍ഡിനന്‍സില്‍ പറയുന്നു. എന്നാല്‍ 90 ദിവസത്തിനു ശേഷവും തുക നല്‍കിയില്ലെങ്കില്‍ മാത്രമേ അത് ഈടാക്കാന്‍ പാടുള്ളൂഎന്നും ഉത്തരവില്‍ പറയുന്നു.
കൂടാതെ യൂസര്‍ ഫീ അടയ്ക്കാത്ത വ്യക്തിക്ക് അത് അടയ്ക്കുന്നതു വരെ തദ്ദേശ സ്വയംഭരണസ്ഥാപനത്തില്‍ നിന്നുള്ള ഏതൊരു സേവനവും സെക്രട്ടറിക്ക് നിരസിക്കാനും ഉളള അവകാശമണ്ടെന്ന് ഓര്‍ഡിനന്‍സില്‍ പറയുന്നു.