റേഷന്‍ കാര്‍ഡ് മസ്റ്ററിംങ് ഇനിയും പൂര്‍ത്തിയാക്കിയില്ലേ..; ഇല്ലെങ്കില്‍ അടുത്ത മാസം മുതല്‍ റേഷന്‍ ലഭിക്കില്ലെന്ന് കേന്ദ്രമുന്നറിയിപ്പ്, ഇനി മൂന്ന് നാള്‍ കൂടി


കോഴിക്കോട്: റേഷന്‍ കാര്‍ഡ് മസ്റ്ററിങ് പൂര്‍ത്തിയാക്കാന്‍ ഇനി മൂന്ന് നാള്‍കൂടി. ഒക്ടോബര്‍ 3 മുതല്‍ എട്ട് വരെയാണ് മസ്റ്ററിങിനായി അനുവധിച്ച സമയം. രണ്ടുനാള്‍ പിന്നിടുമ്പോഴും മസ്റ്ററിംങിനായി എത്തുന്ന ഉപഭോക്താക്കളുടെ എണ്ണം കുറവാണെന്നാണ് റേഷന്‍ വ്യാപാരികള്‍ പറയുന്നത്.

മുന്‍ഗണന വിഭാഗങ്ങളായ മഞ്ഞ, പിങ്ക്, കാര്‍ഡ് അംഗങ്ങള്‍ക്കാണ് കെ.വൈ.സിക്കായി (മസ്റ്ററിങ്) 3 മുതല്‍ 8 വരെ അനുവദിച്ച സമയം. നില, വെള്ള കാര്‍ഡുകാര്‍ക്കുള്ള മസ്റ്ററിങ് പിന്നീട് നടക്കും. കാര്‍ഡിലെ ഒരംഗം എത്തി മസ്റ്ററിങ് നടത്തിയതിനുശേഷം മറ്റ് അംഗങ്ങളെ കാത്തുനില്‍ക്കേണ്ട സാഹചര്യമാണ്. അതിനാല്‍ തന്നെ ദീര്‍ഘസമയം എടുക്കുന്നുണ്ട്.

മസ്റ്ററിങ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ റേഷന്‍ വിഹിതം ലഭിക്കില്ലെന്നാണ് കേന്ദ്ര മുന്നറിയിപ്പ.് 3,56,493 റേഷ ന്‍ കാര്‍ഡുകളിലായി 13,71,060 ഗുണഭോക്താക്കള്‍ക്കാണ് ജില്ലയില്‍ ആദ്യഘട്ടത്തില്‍ റേഷന്‍ കാര്‍ഡ് സ്റ്ററിങ് പൂര്‍ത്തിയാക്കേണ്ടത്. അടുത്ത മാസം മുതല്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമായിരിക്കും റേഷന്‍ ലഭിക്കുക. ആയതിനാല്‍ കുടുംബത്തിലെ എല്ലാ അംഗങ്ങളും മസ്റ്ററിംങ് പൂര്‍ത്തീകരിക്കേണ്ടത് നിര്‍ബന്ധമാണ്. നാലു ദിവസത്തിനകം ഇത് പൂര്‍ത്തിയാക്കാന്‍ കഴിയുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.