പുസ്തകങ്ങളോടൊപ്പം കൂട്ടുകൂടാം, വായിച്ച് അറിവ് നേടാം; നടുവണ്ണൂർ വ്യാപാര ഫെസ്റ്റ്-22 ഭാഗമായി മൂന്ന് ദിവസം നീളുന്ന പുസ്തകമേള


നടുവണ്ണൂർ: നടുവണ്ണൂർ വ്യാപാര ഫെസ്റ്റ്-22 ഭാഗമായി പുസ്തകമേള സംഘടിപ്പിക്കുന്നു. ഒക്ടോബർ ആറ്, ഏഴ്, ഏട്ട് തിയ്യതികളിലായാണ് മേള നടക്കുന്നത്. ഒക്ടോബർ ആറിന് വെെകീട്ട് നാലിന് നടക്കുന്ന ചടങ്ങിൽ പുസ്തകമേളയുടെ ഉദ്ഘാടനം പ്രമുഖ സാഹിത്യകാരൻ പി.സുരേന്ദ്രൻ നിർവഹിക്കും.

ആധുനിക യുഗത്തിൽ മൊബൈൽ ഗെയിമുകളിലും സോഷ്യൽ മീഡിയകളിലും വ്യാപൃതരായ നമ്മുടെ കുട്ടികൾക്കും കുടുംബങ്ങൾക്കും നഷ്ടപ്പെട്ടു പോയ വായനാ സംസ്കാരം തിരിച്ചുപിടിക്കാനുള്ള ഒരു മികച്ച അവസരമായി പുസ്തകമേളയെ കാണണമെന്ന് ഭാരവാഹികൾ പറഞ്ഞു. മേളയിൽ ആകർഷകമായ വിലക്കിഴിവിൽ പുസ്തകങ്ങൾ വാങ്ങാനുള്ള അവസരവുമുണ്ട്.

നടുവണ്ണൂരിന്റെ ഷോപ്പിങ് അനുഭവത്തെ മറ്റൊരു തരത്തിലേക്ക് എത്തിക്കാനായി വ്യാപാരികളുടെ കൂട്ടായ്മ അവതരിപ്പിക്കുന്ന ഷോപ്പിങ് ഉത്സവമാണ് നടുവണ്ണൂര്‍ വ്യാപാര ഫെസ്റ്റ്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടുവണ്ണൂര്‍ യൂണിറ്റാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 31 നാണ് നടുവണ്ണൂര്‍ ഫെസ്റ്റ് ആരംഭിച്ചത്. രണ്ട് മാസം നീണ്ട് നില്‍ക്കുന്ന ഷോപ്പിങ് ഫെസ്റ്റിവല്‍ ഒക്ടോബര്‍ 30 ന് സമാപിക്കും. സമാപന സമ്മേളനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. നടുവണ്ണൂർ ഫെസ്റ്റിന്റെ മുഖ്യ പ്രായോജകർ ബെല്ല ഫർണിച്ചറാണ്.

നടുവണ്ണൂരിലെ വ്യാപാര മേഖലയെ അഭിവൃദ്ധിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ വ്യാപാരോത്സവം നടത്തുന്നത്. വികസനത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയിലാണെങ്കിലും നടുവണ്ണൂര്‍ പൂര്‍ണ്ണമായി വ്യാപാരസൗഹൃദമായിട്ടില്ല. പേരാമ്പ്ര, കൊയിലാണ്ടി, ബാലുശ്ശേരി തുടങ്ങിയ നഗരങ്ങളിലേക്കാണ് നടുവണ്ണൂരിലെയും സമീപ പ്രദേശങ്ങളിലെയും ആളുകള്‍ സാധനങ്ങള്‍ വാങ്ങാനായി പോകുന്നത്.

എന്നാല്‍ ഈ നഗരങ്ങളില്‍ ലഭിക്കുന്ന എല്ലാ സാധനങ്ങളും നടുവണ്ണൂരിലെ വ്യാപാര സ്ഥാപനങ്ങളിലും ലഭ്യമാണ്. ഇക്കാര്യം നടുവണ്ണൂരിലെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങളിലേക്ക് എത്തിക്കുകയും അവരെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ആകര്‍ഷിക്കുകയുമാണ് ഫെസ്റ്റിന്റെ പ്രാഥമികമായ ഉദ്ദേശലക്ഷ്യം.

Summary: A three-day long book fair as part of Naduvannur Trade Fest-22