ഏഴ് വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നത് വെറും ആറുപേര്‍ക്ക്, കഴിഞ്ഞ രണ്ട് മാസത്തിനിടെമാത്രം മൂന്ന് കേസുകള്‍; അമീബിക് മസ്തിഷ്‌ക ജ്വര രോഗബാധയില്‍ ആശങ്ക
കോഴിക്കോട്: വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌ക ജ്വരം കേരളത്തില്‍ കൂടുതലായി കണ്ടുവരുന്നത് ആശങ്കയാവുന്നു. രണ്ടുമാസത്തിനിടെ സംസ്ഥാനത്ത് മൂന്ന് കുട്ടികള്‍ക്കാണ് സ്ഥിരീകരിച്ചത്. ഇതില്‍ രണ്ടുപേര്‍ മരണപ്പെടുകയും ചെയ്തു. മൂന്നാമതായി രോഗം സ്ഥിരീകരിച്ച ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടുവയസുകാരന്‍ അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്ക് മാത്രം ബാധിച്ചിരുന്നമാണ് രണ്ടുമാസത്തിനിടെ മൂന്നുപേരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മെയ് 21ന് മലപ്പുറം മുന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസുകാരിയും ജൂണ്‍ 15 കണ്ണൂര്‍ സ്വദേശിയായ പതിമൂന്നുകാരിയുമാണ് രോഗം ബാധിച്ച് മരിച്ചത്.
ഇതില്‍ അഞ്ചുവയസുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെ തുടര്‍ന്നാണ്് രോഗം ബാധിച്ചത്. ഒരാള്‍ക്ക് രോഗം വന്ന അതേ കുളത്തില്‍ കുളിച്ച എല്ലാവരും ആശങ്കപ്പെടേണ്ടതില്ലെന്നും വെള്ളം മൂക്കില്‍ കയറുക വഴി അമീബ ശരീരത്തില്‍ പ്രവേശിച്ചാല്‍ മാത്രമേ രോഗബാധയുണ്ടാവൂവെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
രോഗബാധ സംബന്ധിച്ച ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊതുജലാശയങ്ങള്‍ കരുതലോടെ ഉപയോഗിക്കണമെന്നും കഴിയുന്നത്ര ക്ലോറിനേറ്റ് ചെയ്യണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശമുണ്ട്.