ചുഴലിക്കാറ്റ്; കൊയിലാണ്ടി ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ മൂന്നു വഞ്ചികള്‍ തകര്‍ന്നു, ഒരാള്‍ക്ക് പരിക്ക്


കൊയിലാണ്ടി: ശക്തമായ ചുഴലിക്കാറ്റില്‍ കൊയിലാണ്ടി ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ മൂന്നു വഞ്ചികള്‍ തകര്‍ന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.

രഥയാത്ര, ഓംകാരനാഥന്‍, ഹരേകൃഷ്ണ, എന്നീ മൂന്നു വള്ളങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ഓരോ വള്ളത്തിലും ഏകദേശം 40 ഓളം മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഒരാള്‍ക്ക് കൈയ്ക്ക് പരിക്കേറ്റതായി ഫിഷറീസ് ഓഫീസര്‍ ആതിര കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.വള്ളത്തിന്റെ മേല്‍ക്കൂര, ഷീറ്റിനും സിസിടിവിയും വയര്‍ലെസ്സ്, ജിപിഎസ് ഉള്‍പ്പെടെയുള്ളവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

വള്ളങ്ങള്‍ പെട്ടെന്ന് തന്നെ കരയ്‌ക്കെത്തിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. പരിക്കേറ്റയാള്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഫിഷറീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.