ഒറ്റ നമ്പര്‍ ലോട്ടറി കേസില്‍ കോഴിക്കോട് വ്യാപക റെയ്ഡ്; മൂന്നുപേര്‍ അറസ്റ്റില്‍
കോഴിക്കോട്: ഒറ്റ നമ്പര്‍ ലോട്ടറി ചൂതാട്ടവുമായി ബന്ധപ്പെട്ട് കോഴിക്കോട് വിവിധയിടങ്ങളില്‍ വ്യാപക റെയ്ഡ്. പൊലീസ് നടത്തിയ പരിശോധനയില്‍ മൂന്നുപേരെ പിടികൂടിയിട്ടുണ്ട്. മണ്ണൂര്‍ വളവില്‍ നിന്നും പെരിങ്ങോട്ടുതാഴം സ്വദേശി ഷാലു (33), തേഞ്ഞിപ്പാലം സ്വദേശി പൂഴിക്കൊത്ത് അമല്‍ പ്രകാശ് (27), വലിയപറമ്പ് സ്വദേശി നൗഷാദ് വി.പി (48) എന്നിവരാണ് അറസ്റ്റിലായത്. ഷാലുവിന്റെ പക്കല്‍ നിന്നും 2500 രൂപയും, നൗഷാദില്‍ നിന്നും 7500 രൂപയും കണ്ടെടുത്തു. അമല്‍ പ്രകാശില്‍ നിന്നും 2350 രൂപയും കണ്ടെടുത്തിട്ടുണ്ട്.
ഫറൂഖ് സബ് ഡിവിഷന് കീഴിലെ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ചില കടകളില്‍ ഒറ്റ നമ്പര്‍ ലോട്ടറി നടത്തുന്നുവെന്ന വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഫറോക്ക് ചുങ്കം, മണ്ണൂര്‍ വളവ്, ബേപ്പൂര്‍, നടുവട്ടം, മാത്തോട്ടം, നല്ലളം,ചക്കും കടവ്, പെരുമണ്ണ, പന്തീരാങ്കാവ് എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.
പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. റെയ്ഡ് തുടങ്ങിയ വിവരം അറിഞ്ഞ് പല കടക്കാരും ഷട്ടര്‍ താഴ്ത്തി ഒളിവില്‍ പോയതായി പോലീസ് പറഞ്ഞു. വരും ദിവസങ്ങളില്‍ ഇത്തരക്കാര്‍ക്കെതിരെ പോലീസ് നിരീക്ഷണം ശക്തമാക്കും.
ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണര്‍ എ.എം.സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള സ്‌പെഷല്‍ സ്‌ക്വാഡും, സ്റ്റേഷനിലെ ഐ.പിമാരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ചേര്‍ന്നാണ് ഒരേ സമയം പരിശോധന നടത്തിയത്.
ഫറൂക്ക് ഐ.പി ശ്രീജിത്ത്, പന്തീരാങ്കാവ് ഐ.പി ബിജു കുമാര്‍, മാറാട് ഐ.പി ബെന്നി ലാലു, നല്ലളം ഐ.പി ബിജുആന്റണി, പന്നിയങ്കര എസ്.ഐ കിരണ്‍, ബേപ്പൂര്‍ എസ്.ഐ രവീന്ദ്രന്‍ എന്നിവരും, ഫറൂഖ് എ.സി.പി ഓഫിസിലെ പ്രത്യേക അന്വേഷണ സംഘത്തില്‍പെട്ട എ.എസ്.ഐ അരുണ്‍കുമാര്‍ പി, എസ്.സി.പി.ഒ മധുസൂദനന്‍ മണക്കടവ്, അനൂജ് വളയനാട്, ഐ ടി വിനോദ്, സനീഷ് പന്തീരാങ്കാവ്, അഖില്‍ബാബു, സുബീഷ് വേങ്ങേരി എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.